ഹൈദരാബാദ്: ഇന്ത്യന്‍ രുചിപ്പെരുമയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഹൈദരാബാദി ബിരിയാണി. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഏറെ പ്രസിദ്ധമാണ് തെലങ്കാനക്കാരുടെ സ്വന്തം ഹൈദരാബാദി ബിരിയാണി. ഹൈദരാബാദ് സന്ദർശിക്കുന്നവർ ഹൈദരാബാദി ബിരിയാണി രുചിക്കാതെ പോകാറില്ലെന്നതാണ് വാസ്‌തവം.
സ്വദേശികളും വിദേശികളുമെല്ലാം ഒരു പോലെ ഇഷ്‌ടപ്പെടുന്നതാണ് ഹൈദരാബാദിന്‍റെ സ്വന്തം ബിരിയാണി. ജൂലൈ രണ്ട് അതായത് നാളെയാണ് ലോക ബിരിയാണി ദിനം. ഇതോടനുബന്ധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിയുടെ വെളിപ്പെടുത്തല്‍ ഹൈദരാബാദി ബിരിയാണിയുടെ പ്രിയം എത്രമാത്രമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ്. എന്താണ് അതെന്നറിയേണ്ടേ? മറ്റൊന്നുമല്ല.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെ മാത്രം ഓര്‍ഡര്‍ ലഭിച്ച് വിറ്റഴിച്ചത് 72 ലക്ഷം ഹൈദരാബാദി ബിരിയാണിയാണ്. ഇത് ഓണ്‍ലൈന്‍ വില്‍പ്പനയുടെ മാത്രം കണക്കാണ്. എന്നാല്‍ റസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലുമെത്തി കഴിക്കുന്നവരുടെ എണ്ണമെടുത്താല്‍ അത് ഒരു കോടിയിലധികം വരും. രാജ്യത്തെ അഞ്ചിടങ്ങളിലാണ് പ്രധാനമായും ബിരിയാണികള്‍ കൂടുതലായി വിറ്റഴിക്കപ്പെട്ടത്.
ഇതില്‍ ഒന്നാണ് ഹൈദരാബാദ്. ഹൈദരാബാദിലെ കുക്കട്‌പള്ളിയില്‍ നിന്നാണ് ബിരിയാണിയ്‌ക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതെന്ന് സ്വിഗ്ഗിയുടെ കണക്കുകളില്‍ നിന്ന് വ്യക്തം. മദാപൂര്‍, ബഞ്ചാഹില്‍സ്, ഗച്ചിബൗളി എന്നിവിടങ്ങളില്‍ നിന്നാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചത്. നഗരത്തിലുടനീളം 15,000 റെസ്റ്റോറന്‍റുകളിലാണ് ഹൈദരാബാദി ബിരിയാണി വില്‍ക്കുന്നത്.
ഹൈദരാബാദ് ബിരിയാണി: ഹൈദരാബാദി ബിരിയാണി അല്ലെങ്കില്‍ ഹൈദരാബാദി ദം ബിരിയാണി എന്നും ഇത് അറിയപ്പെടുന്നുണ്ട്. ബസുമതി അരിയും ആട്ടിറച്ചിയും ഉപയോഗിച്ചാണ് ഹൈദരാബാദി ബിരിയാണി ഉണ്ടാക്കുന്നത്. എന്നാല്‍ ആട്ടിറച്ചിയ്‌ക്ക് പകരം ചിക്കന്‍ കൊണ്ട് ഉണ്ടാക്കുന്ന ബിരിയാണിക്കും പ്രിയം ഏറെയാണ്.
ഹൈദരാബാദ്, മുഗളായ് പാചക രീതികളെ സമന്വയിപ്പിച്ചിട്ടുള്ളതാണ് ഹൈദരാബാദി ബിരിയാണി. ഹൈദരാബാദ് ഭരണാധികാരി നൈസാമിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ കൊട്ടാരത്തിലെ അടുക്കളയില്‍ നിന്നാണ് ഈ ബിരിയാണി ആദ്യം തയ്യാറാക്കിയിരുന്നതെന്നാണ് പറയപ്പെടുന്നത്. ബസുമതി അരിക്കും മാംസത്തിനും ഒപ്പം വറുത്ത ഉള്ളി, നെയ്യ്, ദഹി സുഗന്ധവ്യഞ്ജനങ്ങളായ കറുവപ്പട്ട, ഗ്രാമ്പൂ, ഏലം, ജാതിക്ക, പപ്പായ പേസ്റ്റ്, ഷാഹി ജീര, ജാതിപത്രി, നാരങ്ങ, കുങ്കുമം എന്നിവ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്.
ഹൈദരാബാദിലെ ഹലീമിനും ആളുകളേറെ: റമദാന്‍ മാസത്തോടെ ഹൈദരാബാദിന്‍റെ തെരുവുകള്‍ ഏറെ സജീവമാകുമ്പോള്‍ മിക്കയിടങ്ങളിലും കാണുന്ന മറ്റൊരു സ്റ്റാളാണ് ഹലീമിന്‍റേത്. മരുഭൂമികളുടെ നാട്ടില്‍ നിന്ന് കപ്പലേറി വന്ന ഈ രുചി ഇന്ന് കേരളത്തിലും ലഭ്യമാണെങ്കിലും ഹൈദരാബാദില്‍ നിന്ന് കഴിച്ചവരൊരിക്കലും അതിന്‍റെ രുചി മറക്കില്ല. റമദാനിലെ നോമ്പു തുറ വിഭവങ്ങളില്‍ പ്രധാനിയായ ഹലീമില്‍ ഗോതമ്പും ആട്ടിറച്ചിയുമാണ് പ്രധാന വിഭവം.
മണിക്കൂറുകളോളം വേവിച്ച ആട്ടിറച്ചിക്കും ഗോതമ്പിനും ഒപ്പം നിരവധി ഔഷധ കൂട്ടുകളും ചേര്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ശരീരത്തിന് ഏറെ ഉന്മേഷം നല്‍കുന്നതാണ്. മാംസത്തിനൊപ്പം ധാന്യങ്ങളും നെയ്യും ചേരുന്ന കോമ്പിനേഷന്‍ ഏറെ ആരോഗ്യകരമാണെന്ന് മാത്രമല്ല ഒരിക്കല്‍ കഴിച്ചാല്‍ നാവില്‍ നിന്നും രുചി പോകില്ലെന്നാണ് പറയുന്നത്.
കപ്പല്‍ കയറിയെത്തിയ ഈ രുചിക്കൂട്ടിന് ഇന്നിപ്പോള്‍ പല വൈവിധ്യങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഹൈദരാബാദില്‍ ഇതിന് ഏറെ ആവശ്യക്കാരുണ്ട്. അതുകൊണ്ട് തന്നെ റമദാന്‍ മാസത്തില്‍ സജീവമാകുന്ന ഹലീം സ്റ്റാളുകളില്‍ ജനത്തിരക്ക് ഏറെയായിരിക്കും.