ഇടുക്കി: സംസ്ഥാനത്തെ ഹൈഡൽ ടൂറിസം ഇപ്പോള്‍ അതിജീവനത്തിന്‍റെ പാതയിലാണ്. പ്രതിസന്ധികളിൽ നിന്നും കരകയറാൻ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണ് ഹൈഡൽ ടൂറിസം വകുപ്പ്. പ്രളയവും കൊവിഡും തകർത്ത ടൂറിസം മേഖലയിലെ പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെ ഹൈഡൽ ടൂറിസം വകുപ്പ് സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.
വിനോദ സഞ്ചാരത്തിനായി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന, വൈദ്യുതി വകുപ്പിന് കിഴിൽ വരുന്ന ജലാശയങ്ങളിലെല്ലാം പദ്ധതികൾ നടപ്പിലാക്കാനാണ് ടൂറിസം വകുപ്പിന്‍റെ തീരുമാനം. സ്വകാര്യ പങ്കാളിത്തത്തോടെയാണ് കൂടുതൽ വിനോദ ഉപാധികൾ ഹൈഡൽ ടൂറിസം വകുപ്പ് നടപ്പിലാക്കുന്നത്. നിലവിൽ പ്രവർത്തിച്ചു വരുന്ന ഹൈഡൽ ടൂറിസം സെന്‍ററുകളിൽ സാഹസിക വിനോദ സഞ്ചാരികളെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി മൂന്നാർ മേഖലയിലെ അഞ്ചോളം ഹൈഡൽ ടൂറിസം സെന്‍ററുകളിൽ കയാക്കിങ്, കുട്ടവഞ്ചി, വാട്ടർ സൈക്കിൾ, വാട്ടർ ബലൂൺ തുടങ്ങി പതിനഞ്ചോളം പുതിയ വിനോദ ഉപാധികളാണ് നടപ്പിലാക്കിയിരിക്കുന്നത്. എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പദ്ധതികൾ ആരംഭിച്ചിരിക്കുന്നത്. പുതിയ വിനോദ ഉപാധികൾ പ്രായഭേദമന്യേ സഞ്ചാരികളെ ആകർഷിച്ചിട്ടുണ്ട്.
ഭയമില്ലാതെ ആസ്വദിക്കാൻ സാധിക്കുന്നുണ്ട് എന്ന് സഞ്ചാരികളും പറഞ്ഞു. കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതോടെ ടൂറിസം മേഖലക്ക് ഏറ്റ കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈഡൽ ടൂറിസം വകുപ്പും കെഎസ്‌ഇബിയും.