എറണാകുളം : സ്വർണാഭരണങ്ങളിൽ എച്ച് യു ഐ ഡി (HUID) ഹോൾമാർക്ക് പതിപ്പിക്കുന്നതിന് മൂന്ന് മാസത്തേക്ക് കൂടി സമയം. ഇത് സംബന്ധിച്ച ഉത്തരവ് ബി ഐ എസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. എച്ച് യു ഐ ഡി പതിച്ച ആഭരണങ്ങൾ മാത്രമേ രാജ്യത്ത് നാളെ മുതൽ വിൽക്കാവൂ എന്ന് കേന്ദ്ര സർക്കാർ മുൻപ് നിർദേശിച്ചിരുന്നു.
നിലവിലെ സ്റ്റോക്കുകളിൽ ഹോൾമാർക്ക് പതിപ്പിക്കാനടക്കം 3 മാസം കൂടി സമയം നൽകിയെന്നാണ് ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ ബി ഐ എസ് അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചത്. 3 മാസം സമയം നീട്ടി നൽകിയെന്ന ഉത്തരവും ബി ഐ എസ് കോടതിയിൽ സമർപ്പിച്ചു. തുടർന്ന് എച്ച് യു ഐ ഡി നിർബന്ധമാക്കിയതിൽ സാവകാശം തേടി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.
സമയം നീട്ടി എന്ന ഉത്തരവ് അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. നിലവിലെ സ്റ്റോക്കുകളിൽ ഹോൾമാർക്ക് പതിപ്പിക്കാനടക്കം കൂടുതൽ സമയം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മാർച്ച് 31ന് ശേഷം ഹോൾമാർക്ക് യുണീക്ക് ഐഡന്‍റിഫിക്കേഷൻ ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാനോ വാങ്ങാനോ അനുവദിക്കില്ല എന്നായിരുന്നു ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്.
4 അക്കമോ - 6 അക്കമോ വരുന്ന ഹോൾമാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ആശയക്കുഴപ്പം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സർക്കാർ നടപടി. മാത്രമല്ല എച്ച് യു ഐ ഡി ഉപയോഗിച്ചിരിക്കുന്ന ആഭരണങ്ങളിന്മേൽ ജ്വല്ലറികൾക്ക് ഉപഭോക്താക്കളെ ഒരു രീതിയിലും കബളിപ്പിക്കുവാനും കഴിയില്ല.