ഹൈദരാബാദ്: നമ്മള്‍ പണമിടപാടില്‍ എത്രമാത്രം അച്ചടക്കമുള്ളവരാണെന്ന് ഒരു പരിധി വരെ നമ്മുടെ ക്രെഡിറ്റ് സ്കോറിലൂടെ മനസിലാക്കാന്‍ പറ്റും. വായ്‌പകള്‍ എത്രപെട്ടെന്ന് അനുവദിച്ച് കിട്ടും എന്നുള്ളതില്‍ ക്രെഡിറ്റ് സ്കോര്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ക്രെഡിറ്റ് സ്കോര്‍ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന് എന്താണ് കാരണം എന്നതിനെ പറ്റി അന്വേഷിക്കേണ്ടത് പ്രധാനമാണ്.
ഏതെങ്കിലും വായ്‌പ നിങ്ങളുടെ അറിവോട് കൂടിയല്ലാതെ നിങ്ങളുടെ പേരില്‍ ചേര്‍ത്തിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കണം. വായ്‌പകളുടെ മാസത്തവണ അടയ്‌ക്കാന്‍ വൈകിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ക്രെഡിറ്റ് കാര്‍ഡ് ബില്ല് പൂര്‍ണമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ ചിലപ്പോള്‍ ഒന്നിലധികം കാരണങ്ങള്‍ ഉണ്ടാവും. ക്രെഡിറ്റ് കാര്‍ഡ് റിപ്പോര്‍ട്ട് കൃത്യമായി വായിച്ച് കഴിഞ്ഞാല്‍ ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞതിന്‍റെ കാരണങ്ങള്‍ വ്യക്തമാകും. കാരണങ്ങള്‍ കണ്ടെത്തി അവ പരിഹരിച്ച് കഴിഞ്ഞാല്‍ ക്രെഡിറ്റ് സ്കോര്‍ വീണ്ടും താഴുന്നത് തടയാന്‍ സാധിക്കും.
ഇഎംഐ വൈകി അടയ്‌ക്കുന്നത്: ഇഎംഐ (വായ്‌പ്പയുടെ മാസത്തവണ) അടയ്‌ക്കുന്നത് വൈകിയാല്‍ സാധാരണ ഗതിയില്‍ ക്രെഡിറ്റ് സ്കോര്‍ കുറയും. കൃത്യസമയത്ത് ഇഎംഐ അടയ്‌ക്കുന്നത് വീണ്ടും തുടര്‍ന്നാല്‍ കുറഞ്ഞ ക്രെഡിറ്റ് സ്കോറിനെ ഉയര്‍ത്താന്‍ സാധിക്കും. എന്നാല്‍ എല്ലായ്‌പ്പോഴും ഇഎംഐ അടയ്‌ക്കുന്നത് വൈകിയാല്‍ ക്രെഡിറ്റ് സ്കോര്‍ ഒരിക്കലും ഉയര്‍ത്താന്‍ പറ്റാത്ത സാഹചര്യം സൃഷ്‌ടിക്കും.
ക്രെഡിറ്റ് കാര്‍ഡിന്‍റെ ഉപയോഗത്തിന് പരിധി നിശ്ചയിക്കണം: ഒരു പരിധിക്കപ്പുറം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ കാര്‍ഡ് ലിമിറ്റിന്‍റെ 30 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം. 90 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ കാരണമാകും.
ക്രെഡിറ്റ് കാര്‍ഡിന്‍റെ വര്‍ധിച്ച ഉപയോഗം കാരണം ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ കാരണമായാല്‍ ഉപയോഗം ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റിന്‍റെ 30 ശതമാനത്തില്‍ താഴെ വരുത്തണം. ഇതിലൂടെ കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താന്‍ സാധിക്കും.
കൂടുതല്‍ ലോണ്‍ എടുക്കാതിരിക്കുക: ലോണുകളുടെ എണ്ണം കൂടുതല്‍ ആണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ കാരണമാകും. അനാവശ്യമായി ലോണുകള്‍ എടുക്കാതിരിക്കുകയാണ് ക്രെഡിറ്റ് സ്കോര്‍ കുറയാതിരിക്കാന്‍ നല്ലത്.
സൈബര്‍ തട്ടിപ്പുകള്‍ ശ്രദ്ധിക്കുക: സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ നോക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ഉപയോഗിച്ച് വായ്‌പയെടുക്കുന്ന തട്ടിപ്പുകള്‍ നടക്കന്നുണ്ട്. അതുകൊണ്ട് നിശ്ചിത ഇടവേളകളില്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണം. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ബന്ധപ്പെട്ട ബാങ്കുകളേയോ ധനകാര്യ സ്ഥാപനങ്ങളേയോ അറിയിക്കണം.