നിങ്ങളുടെ പേരില്‍ ഏതെങ്കിലും ബാങ്ക് അക്കൗണ്ടില്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപമുണ്ടോയെന്ന് (Unclaimed Deposit) എങ്ങനെ അറിയാം? വഴിയുണ്ട്, ഓരോ ബാങ്കിന്‍റെയും വെബ് സൈറ്റുകളില്‍ തെരയുന്നതിന് പകരം ഒറ്റയിടത്ത് പരിശോധിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ആര്‍ബിഐ (RBI). ഉദ്‌ഗം (UDGAM) അഥവാ unclaimed deposits Gateway to Access Information എന്ന പോര്‍ട്ടലിലാണ് ഇതിന് സൗകര്യമുള്ളത്.
നിലവില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്‌മി ബാങ്ക്, ഡി ബി എസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെ ഇത്തരം അണ്‍ക്ലെയിംഡ് അക്കൗണ്ടുകള്‍ (unclaimed account) പരിശോധിക്കാന്‍ ഉദ്‌ഗം പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഭാവിയില്‍ മറ്റ് ബാങ്കുകളിലെ അക്കൗണ്ടുകളും പരിശോധിക്കാനുള്ള സംവിധാനം സാധ്യമാക്കും എന്നാണ് റിസര്‍വ് ബാങ്ക് (Reserve Bank of India) അവകാശപ്പെടുന്നത്.
ഏതെങ്കിലുമൊരു ബാങ്ക് അക്കൗണ്ട്, (Bank Account) സേവിങ്‌സ് ആയാലും കറന്‍റ് അക്കൗണ്ട് ആയാലും 10 വര്‍ഷത്തില്‍ കൂടുതലായി ഉപയോഗിക്കാതെ ഇരിക്കുകയാണെങ്കില്‍ ആ അക്കൗണ്ടിലെ തുക അണ്‍ക്ലെയിംഡ് അക്കൗണ്ടായി കണക്കാക്കപ്പെടും. കാലാവധി പൂര്‍ത്തിയായി 10 വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്ത എഫ് ഡി (FD), ആര്‍ ഡി(RD) അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്. ഇത്തരം അക്കൗണ്ടുകളില്‍ അവശേഷിക്കുന്ന തുക ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്‍റെ നിക്ഷേപക വിദ്യാഭ്യാസ ബോധവത്‌കരണ പരിപാടിക്കായുള്ള ഫണ്ടിലേക്ക് മാറ്റും.
ഇന്ത്യയില്‍ ഇത്തരത്തില്‍ അവകാശികളില്ലാത്ത അക്കൗണ്ടുകളിലെ മൊത്തം തുക 35000 കോടി രൂപ ആണെന്നാണ് കണക്ക്. എന്നാൽ റിസര്‍വ് ബാങ്കിന്‍റെ ബോധവത്‌കരണ ഫണ്ടിലേക്ക് മാറ്റപ്പെട്ട് കഴിഞ്ഞാലും നിങ്ങളുടെ നിക്ഷേപത്തുക ഇത്തരം അണ്‍ക്ലെയിംഡ് അക്കൗണ്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കാം. പലിശയടക്കം ഈ തുക തിരിച്ചുകിട്ടാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
അണ്‍ക്ലെയിംഡ് അക്കൗണ്ടുകള്‍ എങ്ങനെ പരിശോധിക്കാം : ഏതൊക്കെ ബാങ്കുകളിലാണ് നിങ്ങള്‍ക്ക് ഇത്തരത്തില്‍ അവകാശപ്പെടാതെ കിടക്കുന്ന നിക്ഷേപങ്ങളുള്ളതെന്ന് മനസിലാക്കാൻ ഓരോ ബാങ്കിന്‍റേയും വെബ്സൈറ്റുകളില്‍ മാറി മാറി കയറിയിറങ്ങി പരിശോധിക്കുക ബുദ്ധിമുട്ടായിരിക്കും. അതിനാൽ, https://udgam.rbi.org.in/unclaimed-deposits/#/register എന്ന ലിങ്കില്‍ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്‌ത് ലോഗിന്‍ ചെയ്‌താല്‍ നിങ്ങള്‍ക്കും ഇത്തരം നിക്ഷേപങ്ങളുണ്ടോയെന്ന് പരിശോധിക്കാനാകും.
അതിനായി ലിങ്ക് ഓപ്പണ്‍ ചെയ്‌ത ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് വരുന്ന നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് നിങ്ങളുടേതായ പാസ്‌വേഡ് ക്രമീകരിക്കുക. കാപ്‌ച കോഡ് അടക്കം രേഖപ്പെടുത്തുക. തുടർന്ന് നെക്‌സ്‌റ്റ് (Next) എന്ന ഓപ്‌ഷന്‍ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ രജിസ്റ്റേഡ് മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി സ്ഥിരീകരിക്കുക. ഇത്രയുമായാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.
തുടർന്ന് https://udgam.rbi.org.in/unclaimed-deposits/#/login എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക. മൊബൈല്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ ടൈപ്പ് ചെയ്‌ത് നിര്‍ദേശങ്ങള്‍ അനുസരിച്ച് കാപ്‌ചയും ഒടിപിയും ടൈപ്പ് ചെയ്യുക. അക്കൗണ്ട് ഹോള്‍ഡറുടെ പേരും ബാങ്കുകളുടെ പേരും നല്‍കിയാല്‍ ഒരേ സമയം തന്നെ നമ്മുടെ പേരിലുള്ള എല്ലാ അക്കൗണ്ടുകളും പരിശോധിക്കാം.
ശേഷം ബാങ്കുകളുടെ പേരുകള്‍ സെലക്‌റ്റ് ചെയ്‌ത് ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ജനന തിയതി ഇവയില്‍ ഏതെങ്കിലുമൊന്ന് സമര്‍പ്പിക്കുക. തുടര്‍ന്ന് സെര്‍ച്ച് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേരില്‍ അണ്‍ ക്ലെയിംഡ് ആയുള്ള ഏതെങ്കിലും നിക്ഷേപമുണ്ടെങ്കില്‍ അത് റിസള്‍ട്ടായി ലഭിക്കും.
സമാന രീതിയില്‍ നിങ്ങളുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള അക്കൗണ്ടുകളും പരിശോധിക്കാം. നിങ്ങള്‍ക്ക് പരിശോധിക്കേണ്ടത് വ്യക്തിഗത അക്കൗണ്ട് അല്ലെങ്കിൽ, അത്തരം കേസുകളില്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലെ അണ്‍ ക്ലെയിംഡ് ഡിപ്പോസിറ്റ് പരിശോധിക്കാന്‍ സിറ്റി ബാങ്കില്‍ സംവിധാനമുണ്ട്. പോസ്റ്റ് ഓഫിസ് ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തിലും സമാന രീതിയില്‍ പരിശോധന നടത്താനുള്ള സംവിധാനം ഏറെ വൈകാതെ വന്നേക്കുമെന്നാണ് കരുതുന്നത്.