എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ വർധനവ്. ഒരു പവന് 1,120 രൂപയാണ് ഒറ്റദിവസം വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,540 രൂപയും ഒരു പവന് 44,320 രൂപയുമായി വില കുതിച്ചുയർന്നു (Gold Price Today).
ഒക്‌ടോബർ ആറ് മുതൽ സ്വർണ വില തുടർച്ചയായി വർധിച്ചിരുന്നു. ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇപ്പോൾ ഗ്രാമിന് 140 രൂപയുടെ വർധനവ് ഉണ്ടായത്. ഇസ്രയേൽ - ഹമാസ് യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ സ്വർണ വില ഉയർന്നതോടെയാണ് സംസ്ഥാനത്തും വിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയത്. അന്താരാഷ്‌ട്ര തലത്തിൽ യുദ്ധ സാഹചര്യം തുടരുകയാണെങ്കിൽ തുടർന്നുള്ള ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
നേരത്തെയും റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്നുള്ള പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്ന് സ്വർണ വില കുതിച്ചുയർന്നിരുന്നു. അതേസമയം ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി സ്വർണം തിരഞ്ഞെടുക്കാൻ തുടങ്ങി. ഇതോട വില ഉയർന്ന് നിൽക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ സ്വർണ വിലയിലെ വർധനവ് തുടരാനാണ് സാധ്യത. കഴിഞ്ഞ പത്ത് ദിവസത്തിനിടെ, ഒക്‌ടോബർ അഞ്ചിന് ഗ്രാമിന് 20 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷം സ്വർണ വില തുടർച്ചയായി ഉയരുകയായിരുന്നു. ഒക്‌ടോബർ 11, 13 തീയതികളിൽ മാത്രമാണ് സ്വർണ വില മാറ്റമില്ലാതെ തുടർന്നത്. പത്ത് ദിവസത്തിനിടെ ഗ്രാമിന് 300 രൂപയുടെ വർധനവാണ് ഉണ്ടായത്.