ന്യൂഡൽഹി: ലോക കോടീശ്വരൻമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ആദ്യമായാണ് ബ്ലൂംബർഗ് കോടീശ്വര പട്ടികയിൽ ഒരു ഏഷ്യക്കാരൻ മൂന്നാമതെത്തുന്നത്. ഫ്രാൻസിന്‍റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി മാറിയത്.
ആഡംബര ബ്രാൻഡായ ലൂയി വിട്ടോണ്‍ ഉടമയാണ് ബെർണാഡ് അർനോൾട്ട്. ബ്ലൂംബെർഗ് ഇൻഡെക്‌സ് പ്രകാരം ഗൗതം അദാനിയുടെ ആകെ സമ്പത്ത് 137.4 ബില്യൺ ഡോളറാണ്. 251 ബില്യൺ ഡോളർ സമ്പത്തോടെ സ്‌പേസ് എക്‌സ്-ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കാണ് കോടീശ്വരൻമാരിൽ ഒന്നാമൻ. 153 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്ത് ആമസോൺ സിഇഒ ജെഫ് ബെസോസാണ്.
നാലാമതുള്ള ബെർനാഡ് ആർനോൾട്ടിന്‍റെ സമ്പത്ത് 136 ബില്യൺ ഡോളറാണ്. 91.9 ബില്യണ്‍ ഡോളര്‍ ആസ്‌തിയുള്ള മുകേഷ് അംബാനി പട്ടികയില്‍ 11-ാം സ്ഥാനത്താണ്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു ബിസിനസ് സാമ്രാജ്യമാണ്. വിമാനത്താവളങ്ങൾ, തുറമുഖം, ഊര്‍ജം, താപവൈദ്യുതി, ഭക്ഷ്യ എണ്ണ, റെയില്‍വേ ലൈനുകള്‍ തുടങ്ങിയ മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല അദാനിക്ക് സ്വന്തമാണ്. കഴിഞ്ഞ മാസമാണ് ഗൗതം അദാനി ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ധനികനായ വ്യക്തിയായി മാറിയത്.
2022ൽ മാത്രം 60.9 ബില്യൺ ഡോളറാണ് അദാനിയുടെ സമ്പാദ്യത്തിലുണ്ടായ വർധനവ്. ഫെബ്രുവരിയിൽ അദ്ദേഹം ആദ്യമായി ഏറ്റവും ധനികനായ ഏഷ്യക്കാരനായി. മുകേഷ് അംബാനിയെ മറികടന്നായിരുന്നു ഈ നേട്ടം.
ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരിൽ ചിലരെ മറികടക്കാൻ അദാനിക്ക് കഴിഞ്ഞതിന്‍റെ പ്രധാന കാരണമായി നിരീക്ഷകർ ചൂണ്ടി കാണിക്കുന്നത്; അവർ കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ ആരംഭിച്ചുഎന്നതാണ്. അദാനിയും തന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്, ജൂണിൽ തന്‍റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് സാമൂഹിക പ്രവർത്തനങ്ങൾക്കായി 7.7 ബില്യൺ ഡോളർ സംഭാവന നൽകുമെന്ന് അദാനി പറഞ്ഞിരുന്നു.
'ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ': ഗൗതം അദാനിയുടെ ജീവചരിത്രം ഒക്‌ടോബറിൽ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. പുസ്‌തക പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പബ്ലിഷേഴ്‌സ് ആണ് ഒക്‌ടോബറിൽ ജീവചരിത്രം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ആർഎൻ ഭാസ്‌കർ ആണ് "ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ" എന്ന അദാനിയുടെ ജീവചരിത്രം എഴുതിയത്.
ലോകത്തിലെ ഏറ്റവും ധനികനായ ഒരാളുടെ അജ്ഞാതമായ വശങ്ങൾ ആദ്യമായി വെളിച്ചത്ത് കൊണ്ടുവരുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പുസ്‌തകം തയ്യാറാകുന്നത്. അദാനിയുടെ ജീവിതത്തിൽ നിന്നുള്ള കൗതുകകരമായ സംഭവങ്ങളുടെ ഒരു ശ്രേണിയായിരിക്കും ഈ ജീവചരിത്രം. അദ്ദേഹത്തിന്‍റെ ബാല്യകാലം, ബിസിനസിലേക്കുള്ള തുടക്കം, വിജയം, പരാജയം എന്നിവയെല്ലാം പുസ്‌തകത്തിൽ പ്രതിപാദിക്കും.