ഇടുക്കി : അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നവരെ വരവേൽക്കുന്നത് വിളവെടുപ്പിന് ഒരുങ്ങി നില്‍ക്കുന്ന പൂക്കളാൽ സമൃദ്ധമായ പാടശേഖരങ്ങളാണ്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കാർഷിക ഗ്രാമങ്ങളിലാണ് പൂക്കളുടെ ഈ വർണ വിസ്‌മയം. കമ്പം, സുരളി, മീനാക്ഷിപുരം, ബോഡിനായ്‌ക്കന്നൂർ തുടങ്ങിയ മേഖലകളിലാണ് പൂ കൃഷി വ്യാപകമായിട്ടുള്ളത്.
വിവിധ വർണങ്ങളിലുള്ള ചെണ്ടുമല്ലിയും, ജമന്തിയും, അരളിയും, മുല്ലപ്പൂവുമാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം പൂക്കളുടെ വിപണി വീണ്ടും സജീവമായ സന്തോഷത്തിലാണ് കർഷകർ. ഒരു കിലോ മുല്ലപ്പൂവിന് 400 രൂപയും മല്ലികപ്പൂവിന് 600 രൂപയും ജമന്തിപ്പൂവിന് 40 മുതല്‍ 50 രൂപ വരെയുമാണ് വിപണി വില.
ശീലയംപ്പെട്ടി, കമ്പം, ബോഡി മാര്‍ക്കറ്റുകളിലാണ് കര്‍ഷകര്‍ പൂക്കള്‍ വില്‍പനയ്ക്ക് എത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല, അതിര്‍ത്തി കടന്ന് ഇങ്ങ് കേരളത്തിലും തേനിയിലെ പൂക്കള്‍ എത്തുന്നുണ്ട്.