തിരുവനന്തപുരം : കേരളത്തിന്‍റെ വികസന ചരിത്രത്തില്‍ അനന്ത സാധ്യതകളുടെ വാതായനങ്ങള്‍ തുറന്നിടുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്ക് (Vizhinjam International Port) ആദ്യ ചരക്ക് കപ്പലെത്തി. ചൈനയിലെ ഷാങ്‌ഹായി തുറമുഖത്ത് നിന്നു വിഴിഞ്ഞം തുറമുഖത്തെ ചരക്കു നീക്കത്തിനാവശ്യമായ പടുകൂറ്റന്‍ ക്രെയിനുകളും വഹിച്ചു കൊണ്ടുള്ള ഷെന്‍ ഹുവാ 15 എന്ന ചരക്കു കപ്പലാണ് വിഴിഞ്ഞം തുറമുഖത്തെത്തി നങ്കൂരമിട്ടത് (First Cargo Ship Anchored in Vizhinjam Port).
പരമ്പരാഗത രീതിയില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി ചരക്കു കപ്പലിനെ വിഴിഞ്ഞം തുറമുഖത്ത് സ്വീകരിച്ചു. ഒക്‌ടോബര്‍ 15 ന് കപ്പലിന് ഔദ്യോഗിക സ്വീകരണമൊരുക്കിയ ശേഷം ക്രെയിനുകള്‍ തുറമുഖത്ത് ഇറക്കി സ്ഥാപിക്കും. സെപ്‌റ്റംബര്‍ ആദ്യ വാരത്തില്‍ ചൈനയിലെ ഷാങ്‌ഹായി തുറമുഖത്തു നിന്ന് തിരിച്ച കപ്പലാണ് ഇന്നലെ കേരള തീരത്ത് എത്തിയത്. ശേഷം ഇന്ന് രാവിലെയോടെ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ വിഴിഞ്ഞം തുറമുഖത്തെത്തി കപ്പൽ നങ്കൂരമിട്ടു.
ഷാങ്‌ഹായി തുറമുഖത്ത് നിന്നു പുറപ്പെട്ട കപ്പല്‍ ഒക്‌ടോബര്‍ 4ന് വിഴിഞ്ഞത്ത് എത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും മോശമായ കാലാവസ്ഥ കാരണം എത്തിച്ചേരുന്നത് വൈകുകയായിരുന്നു. ചെനയിലെ ഷാങ്‌ഹായിയിലെ ഷെന്‍ഹുവാ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
കപ്പലിന് 233.6 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയുമുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയിനുകള്‍ വഹിച്ചു കൊണ്ടുള്ള ചരക്കു കപ്പലുകളുടെ പ്രവാഹം തന്നെയാണ് തുടര്‍ന്നുണ്ടാകാന്‍ പോകുന്നതെന്ന സൂചനകളാണ് വഴിഞ്ഞം തുറമുഖ നിര്‍മാതാക്കളായ അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് നല്‍കുന്നത്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ ചരക്കു കപ്പല്‍ ഒക്‌ടോബര്‍ 28ന് എത്തിച്ചേരും.
നവംബര്‍ 11നും 14നും മറ്റ് രണ്ട് ചരക്ക് കപ്പലുകള്‍ കൂടി വിഴിഞ്ഞത്തേക്ക് എത്തിച്ചേരും.
നിര്‍മാണ സമയക്രമം പുനക്രമീകരിച്ചത് പ്രകാരം 2024 ഡിസംബറില്‍ ഒന്നാം ഘട്ടത്തിന്‍റെ പണി പൂര്‍ത്തിയാക്കിയാല്‍ മതിയെങ്കിലും 2024 മാര്‍ച്ചില്‍ നിര്‍മാണത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കാനാണ് തുറമുഖ നിര്‍മാതാക്കളുടെ നീക്കം. ഒന്നാം ഘട്ടത്തില്‍ ആകെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന 800 മീറ്റര്‍ തുറമുഖ ബെര്‍ത്തിന്‍റെ 400 മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു.
2340 മീറ്റര്‍ പുലിമുട്ടിന്‍റെ 2100 മീറ്ററിന്‍റെ നിര്‍മാണവും പൂര്‍ത്തിയായി. ബാക്കിയുള്ളതിന്‍റെ നിര്‍മാണം ഈ മാസം ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണം അദാനി ഗ്രൂപ്പിനാണ്. ഏകദേശം 7326 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഒക്‌ടോബര്‍ 15ന് ആദ്യ ചരക്കു കപ്പലിനെ സ്വീകരിച്ച് കൊണ്ട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോബോളും പങ്കെടുക്കും.