ഹൈദരാബാദ്: പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനോ ബാങ്കിൽ നിക്ഷേപിക്കുന്നതിനോ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും (Last Chance To Exchange 2000 notes). ഈ വർഷം മെയ് 19-നാണ് വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഈ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യണം. ഇതിനായി റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു.
2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. നോട്ട് നിരോധനത്തെ തുടർന്ന് 500, 1000 നോട്ടുകൾക്ക് പകരമായാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് ലഭ്യമാക്കിയത്. 2018 -19 സാമ്പത്തിക വർഷത്തോടെ 2000 രൂപ നോട്ട് അച്ചടി ആർബിഐ നിർത്തിവച്ചിരുന്നു.
വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരികെയത്തിയെന്നാണ് ഈ മാസം ഒന്നിന് ആർബിഐ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നത്. 3.32 ലക്ഷം കോടി രൂപയാണ് വിപണിയിൽ നിന്ന് പിൻവലിച്ച നോട്ടുകളുടെ മൂല്യം. തിരികെ ലഭിച്ച നോട്ടുകളിൽ 87 ശതമാനവും നിക്ഷേപ രൂപത്തിലാണ്. ബാക്കി 13 ശതമാനം മാറ്റി നൽകുകയായിരുന്നു. 24,000 കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ തിരികെ വരാനുള്ളതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതേസമയം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഒക്‌ടോബർ 31വരെ നീട്ടിനൽകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank Of India) ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകിയതായി ചില വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രവാസികളുടെ സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ കാലയളവ് നീട്ടാനുള്ള സാധ്യതയുള്ളത്.
സമയപരിധി നീട്ടുമോ..? നിരോധിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കുന്നനോ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഇതിനായുള്ള കാലയളവ് നീട്ടിനൽകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ചില ബാങ്കുകളിൽ പൂർണമായും 2000 രൂപ നോട്ടുകളുടെ വരവ് നിലച്ചാതായാണ് അധികൃതർ പറയുന്നത്. ഈ മാസം ഒന്ന് വരെയുള്ള കണക്ക് പ്രകാരം 24,000 കോടി രൂപയുടെ നോട്ടുകളാണ് തിരികെയെത്താൻ ഉണ്ടായിരുന്നത്. എന്നാൽ അതിന് ശേഷം എത്ര നോട്ടുകൾ വിപണിയിൽ നിന്ന് തിരികെ ബാങ്കുകളിലെത്തി എന്നത് ആർബിഐ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ കുറഞ്ഞ തോതിലുള്ള നോട്ടുകൾ മാത്രമാണ് വിനിമയത്തിലുള്ളതെന്നാണ് സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തുന്നത്. സമയപരിധി നീട്ടുന്നതുമായി ബന്ധപ്പെട്ട് ആർബിഐയിൽ നിന്ന് വ്യക്തമായ അറിയിപ്പ് ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.
നോട്ടുകൾ മാറ്റിയെടുത്തില്ലെങ്കിൽ പിന്നെന്ത്..? ചില പ്രത്യേക സാഹചര്യങ്ങളാൽ നിശ്ചിത തീയതിക്ക് മുമ്പ് മാറ്റിയെടുക്കുകയോ ബാങ്കുകളിൽ നിക്ഷേപിക്കുകയോ ചെയ്‌തില്ലെങ്കിൽ ഭാവി എന്തായിരിക്കും എന്നതാണ് പലരുടെയും സംശയം. നിലവിലെ വിവരങ്ങൾ അനുസരിച്ച് ആർബിഐ ബദൽ സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. ഇനി എത്രത്തോളം നോട്ടുകൾ തിരികെ വരാനുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തിലാകും ആർബിഐയിൽ നിന്ന് എന്തെങ്കിലും പ്രഖ്യാപനങ്ങൾ വരുക.
2000 രൂപ നോട്ട് എങ്ങനെ മാറ്റിയെടുക്കാം..? 2023 മെയ് 23 മുതൽ ഏതൊരു വ്യക്തിക്കും 2000 രൂപ നോട്ടുകൾ അടുത്തുള്ള ഏത് ബാങ്ക് ശാഖയിലും മാറ്റാമെന്നായിരുന്നു ആർബിഐ അറിയിപ്പ്. നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും റിക്വിസിഷൻ സ്ലിപ്പോ തിരിച്ചറിയൽ രേഖയോ ഹാജരാക്കേണ്ട ആവശ്യമില്ല. അക്കൗണ്ട് ഇല്ലാത്ത വ്യക്തിക്ക് പോലും തിരിച്ചറിയൽ രേഖയില്ലാതെ ബാങ്കുകളിൽ 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയും. എന്നാൽ ഒരു വ്യക്തിക്ക് ഒരേ സമയം പത്ത് 2000 രൂപ നോട്ടുകൾ മാത്രമേ മാറ്റാൻ അനുമതിയുള്ളു.
2000 നോട്ടുകൾക്ക് നിക്ഷേപ പരിധിയുണ്ടോ..? ഒരു വ്യക്തിക്ക് അക്കൗണ്ടുള്ള ബാങ്കിൽ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാൻ സാധിക്കും. 2000 രൂപ നോട്ടുകൾക്ക് നിക്ഷേപ പരിധിയില്ലെന്നാണ് നിരോധന സമയത്ത് ആർബിഐ വ്യക്തമാക്കിയത്. പക്ഷേ, പൊതുവായ കെവൈസിയും മറ്റു കാഷ് ഡെപ്പോസിറ്റ് നിയമാനുസൃത മാനദണ്ഡങ്ങളും ബാധകമായിരിക്കും.