ന്യൂഡല്‍ഹി: 2022-2023 കാലയളവിലെ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ചു. പലിശ നിരക്ക് 8.15 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇപിഎഫ്ഒ ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചത്.
സുപ്രീംകോടതി ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിട്ടതും, അദാനിയുടേതടക്കമുള്ള ഓഹരികളിലെ ഇപിഎഫ്ഒ നിക്ഷേപങ്ങളില്‍ ഇടിവ് സംഭവിച്ചതുമാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2021-22 വര്‍ഷത്തില്‍ 8.1 ആയിരുന്നു പലിശ നിരക്ക്. നാല് പതിറ്റാണ്ടിന് ഇടയിലെ ഏറ്റവും താഴ്‌ന്ന നിരക്കായിരുന്നു ഇത്.
ഇതിന് മുന്‍പ് 1977-78 കാലയളവിലാണ് അവസാനം പലിശ നിരക്ക് 8 ശതമാനത്തിലേക്ക് താഴ്‌ന്നത്. എന്നാല്‍ ഇത്തവണ 2021-22 വര്‍ഷത്തിലെ നിരക്കില്‍ നിന്നും കുറവ് ഉണ്ടാകുമോയെന്ന ആശങ്ക നിക്ഷേപകര്‍ക്കിടയിലുണ്ടായിരുന്നു.
ഇപിഎഫ്ഒ ട്രസ്റ്റി ബോര്‍ഡ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ 2022- 23 ലെ ഇപിഎഫ് പലിശ നിരക്ക് 8.15 ശതമാനമാക്കി പുതുക്കാന്‍ തീരുമാനിച്ചത് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്‌തത്. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ച ശേഷമാകും പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.
Also Read: പാർലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം: ഉത്തരവുകൾ കീറിയെറിഞ്ഞ് എംപിമാർ, ഇരുസഭകളും നിർത്തിവച്ചു
2020 മാർച്ചിൽ ഇപിഎഫ്ഒ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 2019-20 ലെ ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമാക്കി കുറച്ചിരുന്നു. 2018- 19ൽ ഇത് 8.65 ശതമാനം ആയിരുന്നു. 2016- 17 ൽ 8.65 ശതമാനം, 2017- 18 ൽ 8.55 ശതമാനം എന്നിങ്ങനെയാണ് ഇപിഎഫ്ഒ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് നിശ്ചയിച്ചിരുന്നത്.
2013-14, 2014-15 കാലങ്ങളില്‍ പിഎഫ് നിക്ഷേപകർക്ക് 8.75 പലിശയാണ് ലഭിച്ചത്. 2015-16 വര്‍ഷത്തില്‍ പലിശ നിരക്ക് 8.8 ശതമാനം ആയിരുന്നു. 2012-13 ൽ നിക്ഷേപങ്ങളുടെ പലിശ 8.5 ശതമാനവും 2011-12ൽ 8.25 ശതമാനവുമായിരുന്നു നിരക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് വേണ്ടിയുള്ള ഒരു നിര്‍ബന്ധിത നിക്ഷേപ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്). ഓരോ മാസവും ജീവനക്കാരും, അവരുടെ തൊഴില്‍ ഉടമയം ഈ അക്കൗണ്ടില്‍ നിക്ഷേപം നടത്തും. അടിസ്ഥാന ശമ്പളത്തിന്‍റെ 12 ശതമാനം വീതമാണ് ഇതിലേക്ക് ഈടാക്കുന്നത്.
ജീവനക്കാരന്‍റെ സംഭവാന പൂര്‍ണമായും ഇപിഎഫ് അക്കൗണ്ടിലേക്കാണ് എത്തുന്നത്. എന്നാല്‍, തൊഴിലുടമയുടെ സംഭാവനയുടെ 3.67 ശതമാനം മാത്രമാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. ബാക്കി വരുന്ന 8.33 ശതമാനം തുകയും എംപ്ലോയീസ് പെൻഷൻ സ്‌കീമിലേക്കാണ് പോകുന്നത്.