ബീജിങ് : ലോകത്തിന്‍റെ എല്ലാമൂലയിലും ഉപഗ്രങ്ങള്‍ വഴി വേഗതയുള്ള ഇന്‍റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതിയാണ് സ്റ്റാര്‍ ലിങ്ക്. ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന സ്‌പെയ്‌സ് എക്‌സാണ് ഇത് നടപ്പാക്കുന്നത്. എന്നാല്‍ സ്റ്റാര്‍ലിങ്ക് അമേരിക്കന്‍ സൈന്യത്തിന് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ചാരപ്രവര്‍ത്തനവും ആക്രമണവും നടത്താനുള്ള ഒരു ഉപകരണമാവുമെന്ന് ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ ഭയക്കുന്നുണ്ട്.
ചൈനയുടെ സുരക്ഷയ്‌ക്ക് സ്റ്റാര്‍ലിങ്ക് വെല്ലുവിളി സൃഷ്‌ടിച്ചാല്‍ എങ്ങനെ അതിനെ തകര്‍ക്കാമെന്നുള്ള പഠന റിപ്പോര്‍ട്ട് ചൈനീസ് ഗവേഷകര്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. പിയര്‍ റിവ്യൂ ചെയ്യപ്പെടുന്ന മോഡേണ്‍ ഡിഫന്‍സ് ടെക്‌നോളജി എന്ന ശാസ്‌ത്ര ജേണലിലാണ് സൈനിക ഗവേഷകരുടെ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റാര്‍ലിങ്കിന്‍റെ എല്ലാ ഉപഗ്രങ്ങളേയും വിശദമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
'ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ലേസര്‍ ടെക്‌നോളജി ഉപയോഗിക്കണം' : ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാക്കിങ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍സിലെ ഗവേഷകനായ റെന്‍ യുവാന്‍ഷെന്നാണ് പഠനത്തിന് നേതൃത്വം വഹിച്ചത്. ഉപഗ്രഹങ്ങളെ നേരിട്ട് ആക്രമിക്കാനും ചിലഘട്ടങ്ങളില്‍ പരോക്ഷമായി അവയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുമുള്ള ഒരു തന്ത്രമാണ് ആവിഷ്‌കരിക്കേണ്ടതെന്ന് ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മിസൈലുകള്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങള്‍ തകര്‍ക്കുന്നതിനേക്കാള്‍ ലേസറുകള്‍, മൈക്രോവേവ് സാങ്കേതിക വിദ്യ, മറ്റ് ചെറു ഉപഗ്രഹങ്ങള്‍ എന്നിവ ഉപയോഗിച്ച് തകര്‍ക്കാനാണ് പഠനത്തില്‍ നിര്‍ദേശിക്കുന്നത്.
സ്റ്റാര്‍ലിങ്ക് അമേരിക്കന്‍ ഡ്രോണുകളുടേയും ഫൈറ്റര്‍ ജെറ്റുകളുടേയും ഡാറ്റ ട്രാന്‍സ്‌മിഷന്‍ വേഗത നൂറ് മടങ്ങ് വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എങ്ങനെ സ്റ്റാര്‍ലിങ്ക് സംവിധാനത്തെ തകര്‍ക്കാമെന്ന പഠനം ചൈനീസ് സൈനിക ഗവേഷകര്‍ നടത്തിയത്. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊണ്ട് ഇന്‍റര്‍നെറ്റ് ശൃംഖല രൂപീകരിക്കുക എന്നതാണ് സ്റ്റാര്‍ലിങ്ക് പദ്ധതി.
ആയിരക്കണക്കിന് ചെറു ഉപഗ്രഹങ്ങളാണ് സ്റ്റാര്‍ലിങ്കിന്‍റെ ഭാഗമാവുക. ഇതിനെയെല്ലാം തകര്‍ക്കുകയാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. സ്റ്റാര്‍ലിങ്ക് സാങ്കേതിക വിദ്യ യുക്രൈന് കൈമാറുന്നതിനെതിരെ റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.