മിഡ്‌നാപൂർ (പശ്ചിമ ബംഗാൾ): ഒരു ചായക്കട തുടങ്ങുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ ഒരു ബിടെക് ബിരുദധാരി ചായക്കട തുടങ്ങുന്നത് അസാധാരണം തന്നെ. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂർ സ്വദേശിനിയായ 32കാരി സുദേഷ്‌ണ രക്ഷിത് ആണ് ചായക്കട തുടങ്ങുകയെന്ന സ്വപ്‌നത്തിന് ചിറക് നൽകിയിരിക്കുന്നത്.(Engineer Sudeshna Rakshit opens BTech Chaiwala tea stall)
ബിടെക് ബിരുദം നേടിയവർ ചായക്കടകൾ തുടങ്ങുകയെന്ന പുതിയ രീതിക്ക് മിഡ്‌നാപൂരില്‍ തുടക്കമിട്ടിരിക്കുകയാണ് സുദേഷ്‌ണ രക്ഷിത്. 'ബിടെക് ചായ്‌വാല' എന്നാണ് സുദേഷ്‌ണ ചായക്കടക്ക് പേര് നൽകിയിരിക്കുന്നത്. ബിടെക് പൂർത്തിയാക്കിയ സുദേഷ്‌ണ തുടർന്ന് എംബിഎ ബിരുദവും എടുത്തിട്ടുണ്ട്.
മിഡ്‌നാപൂരിലെ രാജാബസാർ സ്വദേശിനിയാണ് സുദേഷ്‌ണ. ഭർത്താവും മകളുമടങ്ങുന്നതാണ് സുദേഷ്‌ണയുടെ കുടുംബം. പഠനത്തിൽ മിടുക്കിയായിരുന്നു സുദേഷ്‌ണ. പഠനശേഷം ഇവർ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തിരുന്നുവെങ്കിലും അതിൽ ആത്മസംതൃപ്‌തി ലഭിക്കാത്തതിനെ തുടർന്ന് ജോലി ഉപേക്ഷിക്കുകയായിരുന്നു.
മകൾ ജനിച്ചതോടെ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ച സുദേഷ്‌ണക്ക് അഞ്ച് വർഷത്തിന് ശേഷം മറ്റുള്ളവരിൽ നിന്നും എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യണമെന്ന മോഹമുദിച്ചു. ഇതിനെ തുടർന്നാണ് ചായക്കട തുടങ്ങുന്നതിനെപ്പറ്റി ചിന്തിക്കുന്നത്.
'ബിടെക് ചായ്‌വാല, ദുഃഖങ്ങളെല്ലാം മറക്കാനുള്ള ഇടം' എന്നാണ് ചായക്കടയുടെ ടാഗ്‌ലൈൻ. കച്ചോരി, ദാൽ പൂരി തുടങ്ങിയ പലഹാരങ്ങൾക്കൊപ്പം ചായയുടെ വിവിധ രുചികളിലുള്ള ചായയും ഷോപ്പിൽ ലഭ്യമാണ്. ഇരുപത് ദിവസങ്ങൾക്ക് മുൻപാണ് സുദേഷ്‌ണ ഈ സംരംഭം ആരംഭിച്ചത്. സുദേഷ്‌ണയുടെ ജീവിതത്തിൽ തന്നെ വഴിത്തിരിവായിരിക്കുകയാണ് ഈ പുതിയ സംരംഭം.
ജോലിയിൽ പിന്തുണയുമായി ഭർത്താവും ഭർതൃപിതാവും അനിയത്തിയും കൂടെയുണ്ട്. ഭർത്താവ് ചന്ദ്രജിത്ത് സാഹയും ബിടെക് ബിരുദധാരിയാണ്. കൊൽക്കത്തയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ് ചന്ദ്രജിത്ത്.
തന്‍റെ ഭാര്യയുടെ പുതിയ സംരംഭത്തെ സ്വാഗതം ചെയ്യുന്നതായും പുതിയ സംരംഭത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ചന്ദ്രജിത്ത് പറഞ്ഞു. നമുക്ക് എന്തെങ്കിലും ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ വിദ്യാഭ്യാസമോ ബിരുദമോ ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തന്‍റെ ഭാര്യയെന്നും ചന്ദ്രജിത്ത് പറഞ്ഞു. ഒരു വലിയ കഫറ്റീരിയ തുറക്കാനാണ് സുദേഷ്‌നയുടെ അടുത്ത ആഗ്രഹം.
Also read: 'ഡ്രോപ്പ്ഔട്ട് ചായ്‌വാല': ഓസ്‌ട്രേലിയക്കാരെ ചായപ്രേമികളാക്കിയ 22കാരന്‍റെ സംരംഭം