എറണാകുളം: പ്രമുഖ ഡിജിറ്റല്‍ മള്‍ട്ടിബ്രാന്‍ഡ് പ്ലാറ്റ്‌ഫോമായ ബി-ലൈവിന്‍റെ (B-Live) കേരളത്തിലെ ആദ്യ സ്‌റ്റോറിന്‍റെ പ്രവര്‍ത്തനം കെച്ചിയില്‍ ആരംഭിച്ചു. വിവിധ ബ്രാൻഡുകളുടെ ഇലക്‌ട്രിക് വാഹനങ്ങൾ, ചാർജിംഗ് സൊല്യൂഷനുകൾ, വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള വിദഗ്‌ദ നിര്‍ദേശങ്ങള്‍ എന്നിവയാണ് സ്ഥാപനം ഉപഭോക്താക്കള്‍ക്ക് വാഗ്‌ദാനം ചെയ്യുന്നത്. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുമിച്ച് ഒരു സ്ഥാപനത്തില്‍ തയ്യാറാക്കിയതായി കമ്പനി അറിയിച്ചു.
ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ രൂപകല്‍പ്പന ചെയ്‌ത് നിര്‍മ്മിക്കുന്ന ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍, സൈക്കിളുകള്‍, ഡെലിവറി വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് പരിസ്ഥിതി സൗഹാര്‍ദ അന്തരീക്ഷം സൃഷ്‌ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ സ്‌റ്റോറില്‍ ഇന്‍ ഹൗസ് ക്വിക്ക് സര്‍വീസ് കിയോസ്‌ക്, ബാറ്ററി സ്വാപ്പ് സൗകര്യങ്ങള്‍, വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിലുള്ള സൗകര്യങ്ങള്‍ എന്നിവയും ലഭ്യമാണ്. വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്‍പായി ഉപഭോക്താക്കള്‍ക്ക് അവ ഉപയോഗിച്ച് നോക്കുന്നതിനുള്ള സൗകര്യവും ബി ലൈവ് നല്‍കുന്നുണ്ട്.
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി നൂറോളം പുതിയ സ്‌റ്റോറുകള്‍ കമ്പനി ആരംഭിക്കും. കൊച്ചിക്കാരുടെ ജീവിതശൈലിക്കും, ബജറ്റിനും അനുയോജ്യമായ തരത്തില്‍ ഇ-വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്ന ഒരു ഷോപ്പാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി ലൈവിന്‍റെ പങ്കാളിയായ ഇവി ലോജിക്‌സ് സൊല്യൂഷൻസ് എൽഎൽപിയിലെ ദേവി ഹരി പറഞ്ഞു.