ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ആമസോണ്‍ ഇന്ത്യയ്‌ക്ക് അനുമതി. മൂന്ന് വര്‍ഷം മുന്‍പ് കമ്പനി സമർപ്പിച്ച അപേക്ഷയിലാണ് നടപടി. നിലവില്‍ ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തില്‍ ഡൽഹിയിൽ ആമസോണിന് ഉൽപ്പന്നങ്ങൾ ആഴ്‌ചയില്‍ മുഴുവൻ സമയവും വിതരണം ചെയ്യാന്‍ സാധിക്കും.
ആമസോണ്‍ ഇന്ത്യയെ കൂടാതെ മറ്റ് 314 ബിസിനസ് സംരംഭകര്‍ക്കും രാജ്യതലസ്ഥാനത്ത് ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ലഭിച്ചു. 1954ലെ ഡൽഹി ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ടിന്‍റെ സെക്ഷൻ 14, 15, 16 പ്രകാരം ഇളവ് നൽകുന്നതാണ് പുതിയ തീരുമാനം. ഏഴ് ദിവസത്തിനകം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ ഡൽഹി ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വികെ സക്‌സേന നിർദേശം നൽകിയതായാണ് പുറത്ത് വരുന്ന വിവരം.
ഡല്‍ഹിയില്‍ ബിസിനസ് സൗഹാര്‍ദ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ ഇത്തരം അപേക്ഷകള്‍ കർശനമായ സമയപരിധിക്കുള്ളിൽ തീർപ്പാക്കാനും ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ ഉത്തരവിട്ടു. പുതിയ നടപടിയിലൂടെ രാജ്യതലസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും നഗരത്തിന് അനുകൂലമായ ബിസിനസ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍.