കുടുംബത്തില്‍ വരുമാനം ഉള്ള ഒരാള്‍ക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍, അല്ലെങ്കില്‍ രോഗ ബാധിതനായാല്‍, അതും അല്ലെങ്കില്‍ അംഗവൈകല്യം സംഭവിച്ച് പിന്നീട് തൊഴിലെടുക്കാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍, സാമ്പത്തികമായി ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് നീക്കിയിരുപ്പുകള്‍ ഒന്നും തന്നെ ഇല്ലാത്ത കുടുംബമാണെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്ന ആഘാതം ചെറുതൊന്നുമായിരിക്കില്ല. പലരും ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇതൊന്നും അത്ര നിസാരമായി തള്ളിക്കളയേണ്ട.
താല്‍കാലികമായോ സ്ഥിരമായോ വരുമാനം നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതക്കായി അത്തരം സാഹചര്യങ്ങളില്‍ ഉതകുന്ന തരത്തിലുള്ള ടേം പോളിസികള്‍ എടുക്കേണ്ടത് അനിവാര്യമാണ്.
എന്താണ് ടേം പോളിസി അല്ലെങ്കില്‍ ടേം ഇന്‍ഷുറന്‍സ്? ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ഏറ്റവും ലളിതമായ മാതൃകയാണിത്. ഒരു വ്യക്തി നിശ്ചിത തുക പ്രീമിയമായി അടക്കുകയും ആ വ്യക്തിക്ക് അത്യാഹിതം സംഭവിക്കുമ്പോള്‍ അയാളുടെ കുടുംബത്തിന് ലൈഫ് ഇന്‍ഷുര്‍ ചെയ്‌ത സ്ഥാപനം മൊത്തമായ ഒരു തുക നല്‍കുകയും ചെയ്യുന്നു. പ്രാഥമിക ടേം പോളിസികള്‍ക്ക് പുറമെ ഉടമകള്‍ക്ക് സുരക്ഷ നല്‍കുന്ന അനുബന്ധ റൈഡര്‍ പോളിസികളും സഹായകമാകും. നിങ്ങളുടെയും കുടുംബത്തിന്‍റെയും സുരക്ഷക്കായി ഇത്തരം ഒന്നോ അതിലധികമോ റൈഡര്‍ പോളിസികള്‍ തിരഞ്ഞെടുക്കുന്നത് ഉചിതമാണ്.
ആക്‌സിലറേറ്റഡ് ഡെത്ത് ബെനിഫിറ്റ് റൈഡർ: പ്രാഥമിക ടേം പോളിസിയുടെ നഷ്‌ടപരിഹാരം ഉടമയുടെ മരണശേഷം മാത്രമേ ലഭിക്കുകയുള്ളൂ. ആക്‌സിലറേറ്റഡ് ഡെത്ത് ബെനിഫിറ്റ് റൈഡർ (എഡിബി) ഉണ്ടെങ്കിൽ കുടുംബത്തിന് അധിക നഷ്‌ടപരിഹാരം ലഭിക്കും. ഉദാഹരണത്തിന്, ടേം പോളിസിക്ക് 15 ലക്ഷം രൂപയുടെ റൈഡർ പ്ലാനിനൊപ്പം 25 ലക്ഷം രൂപയുടെ പരിരക്ഷയുണ്ടെങ്കിൽ, പോളിസി ഉടമ അപകടത്തിൽ മരിച്ചാൽ നോമിനിക്ക് 40 ലക്ഷം രൂപ ലഭിക്കും.
അപകടങ്ങളിൽ ജീവൻ നഷ്‌ടപ്പെടുന്ന എത്രയോ മനുഷ്യരെ നാം കാണുന്നു. അത്തരമൊരു സാഹചര്യത്തില്‍ സാമ്പത്തിക സുരക്ഷ കൂടി ഇല്ലെങ്കില്‍ കുടുംബം വളരെ അധികം കഷ്‌ടത്തിലാകും.
ആക്‌സിഡന്‍റൽ ഡിസെബിലിറ്റി ബെനിഫിറ്റ് റൈഡർ: അപകടത്തില്‍ പെട്ട് താല്‍കാലികമോ സ്ഥിരമോ ആയ വൈകല്യത്തിലേക്ക് നയിക്കുന്ന പരിക്കുകള്‍ പോളിസി ഉടമക്ക് സംഭവിക്കുകയാണെങ്കില്‍ അവര്‍ക്ക് പരിരക്ഷ നൽകുന്നതിന് ഒരു ആക്‌സിഡന്‍റൽ ഡിസെബിലിറ്റി ബെനിഫിറ്റ് റൈഡർ ഇൻഷുറൻസ് കമ്പനികൾ നല്‍കുന്നു. അപകടത്തിന് ശേഷം ഒരു വ്യക്തിക്ക് ചിലപ്പോള്‍ കുറച്ച് ദിവസത്തേക്ക് ജോലി ചെയ്യാൻ കഴിയാതെ വന്നേക്കാം. മറ്റു ചിലപ്പോള്‍ ഒരു കൈയോ കാലോ അല്ലെങ്കിൽ കാഴ്‌ചശക്തിയോ നഷ്‌ടപ്പെട്ട് സ്ഥിരമായ വൈകല്യമുണ്ടാകാം.
ചില കമ്പനികൾ എല്ലാത്തരം വൈകല്യങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നു. മറ്റുള്ളവ സ്ഥിരമായ വൈകല്യത്തിന് മാത്രം നഷ്‌ടപരിഹാരം നൽകുന്നു.
ഇൻകം ബെനിഫിറ്റ് റൈഡർ: മറ്റൊന്നാണ് ഇൻകം ബെനിഫിറ്റ് റൈഡർ. പോളിസി ഉടമ മരിച്ചാല്‍ അയാളുടെ കുടുംബത്തിന് നിശ്ചിത വര്‍ഷത്തേക്ക് സ്ഥിര വരുമാനം നല്‍കുന്നതാണ് ഇൻകം ബെനിഫിറ്റ് റൈഡർ. പോളിസി ഉടമയുടെ പ്രതിമാസ വരുമാനത്തിന് തത്തുല്യമായ തുകയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. അതായത് ഗുണഭോക്താക്കള്‍ക്ക് അഷ്വേര്‍ഡ് തുകക്കൊപ്പം 5 മുതല്‍ 10 വര്‍ഷത്തേക്ക് വരുമാനം ലഭിക്കും.
പ്രീമിയം റൈഡറിന്‍റെ ഒഴിവാക്കല്‍: പോളിസി ഉടമക്ക് തൊഴില്‍ ചെയ്യാന്‍ കഴിയാതെ വരികയും പ്രീമിയം അടക്കാന്‍ കഴിയാതെ വരികയും ചെയ്‌താല്‍ അത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് പ്രീമിയം റൈഡറിന്‍റെ ഇളവ് ലഭിക്കും. അതായത് പ്രീമിയം റൈഡര്‍ ഒഴിവാക്കാതെ ടേം പോളിസി സജീവമായി നിലനിര്‍ത്താം. പോളിസി ഉടമക്ക് പ്രതിമാസ വരുമാനം നഷ്‌ടപ്പെടുമ്പോള്‍ റൈഡര്‍ പകരം പ്രവര്‍ത്തിക്കും.
അതേസമയം, പോളിസി ഉടമയുടെ മരണത്തിന് ശേഷം കുടുംബത്തിന് പ്രധാന ടേം പ്ലാൻ പ്രകാരം മുഴുവൻ നഷ്‌ടപരിഹാരവും നൽകുകയും ചെയ്യും. ഇൻകം ബെനിഫിറ്റ് റൈഡർ അപ്രതീക്ഷിത സാഹചര്യങ്ങളില്‍ കുടുംബത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിന് ഉത്തമമാണ്.
ക്രിട്ടിക്കല്‍ ഇല്‍നെസ് റൈഡര്‍: പോളിസി ഉടമക്ക് കാൻസർ, വൃക്ക സംബന്ധമായ രോഗങ്ങള്‍, ഹൃദ്രോഗം എന്നിവ ബാധിച്ചാൽ ഇൻഷുറൻസ് കമ്പനികൾ ഗുരുതര രോഗ ആനുകൂല്യ റൈഡറിന് (ക്രിട്ടിക്കല്‍ ഇല്‍നെസ് റൈഡര്‍) കീഴിൽ തൽക്ഷണ നഷ്‌ടപരിഹാരം നൽകുന്നു. അത്തരം റൈഡറുകൾ ഉടമയുടെ ചികിത്സ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. രോഗം നിര്‍ണയിച്ചു കഴിഞ്ഞാല്‍ റൈഡര്‍ പോളിസി ഉടമക്ക് ലംപ് സം ബെനിഫിറ്റ് ലഭിക്കും. അസുഖത്തിനിടെ ഉടമ മരിച്ചാല്‍ നോമിനികള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും.
മെച്ചപ്പെട്ട ബോധവൽകരണവും മികച്ച ഇൻഷുറൻസ് പ്ലാനുകളുടെ തിരഞ്ഞെടുപ്പും കൊണ്ട് മാത്രമേ നമുക്ക് പൂർണമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ.