മുംബൈ: ജിഡിപി വളർച്ചാ നിരക്ക് ഇന്ന് പ്രഖ്യാപിക്കാനിരിക്കേ ബിഎസ്‌ഇ സെൻസെക്‌സ് 158.97 പോയിന്‍റ് (0.39 ശതമാനം) ഇടിഞ്ഞ് 40,971.20 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. എൻഎസ്‌ഇ നിഫ്റ്റി 38.45 പോയിന്‍റ് (0.32 ശതമാനം) ഉയർന്ന് 12,112.70 ൽ എത്തി.
2019-20 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബർ) മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് സർക്കാർ ഇന്ന് പുറത്തിറക്കും. വിവിധ റിപ്പോർട്ടുകളും ഏജൻസികളും വിദഗ്‌ദരും കണക്കാക്കുന്നത് രണ്ടാം പാദ വളർച്ചാ നിരക്ക് ഒന്നാം പാദത്തിൽ രജിസ്റ്റർ ചെയ്ത അഞ്ച് ശതമാനത്തിൽ കുറവായിരിക്കുമെന്നാണ്. സെൻസെക്‌സിൽ യെസ് ബാങ്ക് ഓഹരികൾ നാല് ശതമാനം വരെ ഉയർന്നു. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, എൻടിപിസി, ആക്‌സിസ് ബാങ്ക് എന്നിവയും നേട്ടത്തിലാണ്. വ്യാഴാഴ്ച സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിരക്കായ (ഇൻട്രാ-ഡേ) 109.56 പോയിന്‍റ് (0.27 ശതമാനം) ഉയർന്ന് 41,130.17 എന്ന നിലയിലെത്തി. നിഫ്റ്റിയും ഏറ്റവും ഉയർന്ന നിരക്കായ 12,151.15 ൽ 50.45 പോയിന്‍റ് (0.42 ശതമാനം) ഉയർന്നു.
കഴിഞ്ഞ സെഷനിൽ വിദേശ സ്ഥാപന നിക്ഷേപകർ മൂലധന വിപണിയിൽ 1,008.89 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ 155.47 കോടി രൂപയുടെ ഓഹരികൾ വിറ്റതായി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലഭ്യമായ ഡാറ്റ വ്യക്തമാക്കുന്നു.