ന്യൂഡല്‍ഹി: പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്‍റ് (പി.പി.ഇ) നിര്‍മാണം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വസ്ത്ര വ്യവസായ രംഗം. ആഗോള മാര്‍ക്കറ്റില്‍ 60 ബില്യണ്‍ ഡോളറിന്‍റെ വിപണനമാണ് ലക്ഷ്യമിടുന്നത്. കൊവിഡ്-19 വ്യാപനം ലോകമാകമാനം സജീവമായതോടെ പി.പി.ഇ കിറ്റുകളുടെ ഡിമാന്‍റ് വര്‍ധിച്ചിട്ടുണ്ട്. ഇതോടെ പി.പി.ഇ കിറ്റുകളുടെ നിര്‍മാണം പ്രതിദിനം പൂജ്യത്തില്‍ നിന്നും എട്ട് ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. പി.പി.പി വിപണന രംഗത്ത് ഇന്ത്യന്‍ സാന്നിധ്യം വലിയ രീതിയില്‍ വര്‍ധിപ്പിക്കാനാണ് ടെക്സ്റ്റൈല്‍ സെക്രട്ടറി രവി കപൂറിന്‍റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനിടെ 60 ബില്യന്‍ ഡോളറിന്‍റെ വിപണി സ്വന്തമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അപ്പാരല്‍ എക്സ്പോട്ട് പ്രമേഷന്‍ കൗണ്‍സില്‍ (എ.ഇ.പി.സി) ചെയര്‍മാന്‍ ഡോ. എ ശക്തിവേല്‍ പറഞ്ഞു.
ഇതിന്‍റെ ഭാഗമായി നിലവില്‍ രാജ്യത്ത് പി.പി.ഇ കിറ്റ് കയറ്റി അയക്കുന്നതിനുള്ള നിയന്ത്രണം നീക്കണമെന്നും എ.ഇ.പി.സി ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിക്ക് ടെക്സ്റ്റൈല്‍ ഇന്‍റസ്ട്രി കത്ത് കൈമാറിയിട്ടുണ്ട്. നിലവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, തുടങ്ങിയ രാജ്യങ്ങളിലേക്ക് പി.പി.ഇ കിറ്റുകള്‍ കയറ്റി അയക്കുന്നത് തടഞ്ഞ് വച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം രാജ്യങ്ങളില്‍ നിന്നും വലിയ തരത്തിലുള്ള ഓര്‍ഡറുകളാണ് ലഭിക്കുന്നത്. യൂറേപ്പ്, അമേരിക്കന്‍ രാജ്യങ്ങളിലടക്കം വലിയ വിപണി പി.പി.ഇ കിറ്റുകള്‍ക്കുണ്ട്. മാത്രമല്ല ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ അസംസ്കൃത വസ്തുക്കളുടെയും തൊഴിലാളികളുടെയും ലഭ്യത കൂടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ നിര്‍മാണം നടത്താനുള്ള ശേഷിയുമുണ്ട്. അതിനാല്‍ തന്നെ കയറ്റുമതി നിയന്ത്രണം നീക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.