റിയാദ്: സൗദി അറേബ്യയിൽ പ്രാർഥന
സമയത്തും വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാം. ഇതു സംബന്ധിച്ച സർക്കുലർ ഫെഡറേഷൻ ഓഫ് സൗദി പുറത്തിറക്കി. കൊവിഡ് സാഹചര്യത്തിൽ കടകൾക്ക് മുമ്പിൽ തിരക്ക് ഒഴിവാക്കാനാണ് ഭരണകൂടം ഇത്തരം ഒരു നടപടി സ്വീകരിച്ചത്. പ്രാർഥന നടത്തുന്നതിന് തൊഴിലാളികൾക്കും മറ്റും ആവശ്യമായ ക്രമീകരണം നടത്തണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്.
Also Read: 85 ല്‍ നിന്ന് 155 ലേക്ക്, കോഴി വിലയും റോക്കറ്റിലേറി
അതേ സമയം സൗദിയെ ഒരു ആധുനിക സമ്പദ്‌വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമാണിതെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. നിലവിൽ സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യമേഖലയുടെ സംഭാവന വർധിപ്പിക്കുകയാണ് സൗദി. നിർദിഷ്ട തുക അടച്ച് 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങൾ തുറക്കാമെന്ന ഒരു നിയമം 2019 മുതൽ സൗദിയിൽ നിലവിലുണ്ട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ കീഴിൽ നിരവധി പരിഷ്കാരങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ സൗദിയിൽ ഉണ്ടായത്. മത ധാർമ്മിക പൊലീസിന്‍റെ പങ്ക് കുറക്കുകയും സിനിമയ്‌ക്കുണ്ടായിരുന്ന വിലക്ക് നീക്കുകയും തുടങ്ങി സ്ത്രീകളെ വാഹനം ഓടിക്കാൻ അനുവദിക്കുന്ന പരിഷ്കരണങ്ങൾ വരെ സൗദി നടത്തിയിരുന്നു.