ന്യൂഡൽഹി: ഈ സാമ്പത്തിക വർഷം രാജ്യത്തെ നേരിട്ടുള്ള നികുതി പിരിവിൽ 91 ശതമാനത്തിന്‍റെ വരുമാനം. ഈ സാമ്പത്തിക വർഷം ഇതുവരെ 2.49 ലക്ഷം കോടി രൂപയാണ് നേരിട്ടുള്ള നികുതി ഇനത്തിൽ ലഭിച്ചത്. വ്യക്തിഗത ആദായ നികുതി, അഡ്വാൻസ് ടാക്സ് മോപ്പ് അപ്പ് എന്നിവയിൽ വർധനവ് ഉണ്ടായതാണ് വരുമാനം കൂട്ടിയത്. ഏപ്രിൽ ഒന്ന് മുതൽ ജൂലൈ മൂന്ന് വരെയുള്ള കണക്കുകളാണിത്.
Also Read: ഗൂഗിൾ മീറ്റിൽ ഇനി ഫിൽറ്ററുകളും എആർ മാസ്‌കുകളും
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.29 ലക്ഷം കോടി രൂപയായിരുന്നു നേരിട്ടുള്ള നികുതിയിനത്തിൽ ലഭിച്ചത്. കോർപ്പറേഷൻ ആദായ നികുതി (സിഐടി), വ്യക്തിഗത ആദായ നികുതി (പിഐടി), സുരക്ഷാ ഇടപാട് നികുതി (എസ്ടിടി), നൂതന നികുതി എന്നിവ ഉൾപ്പടെയാണ് 2.49 ലക്ഷം കോടി രൂപ ലഭിച്ചത്. ബാങ്കുകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ ആകെ ലഭിച്ച നികുതി തുക ഉയരാൻ സാധ്യതയുണ്ടെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു.
11.08 ലക്ഷം കോടി രൂപയാണ് നേരിട്ടുള്ള നികുതിയനത്തിൽ ഈ സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 2021 ഏപ്രിൽ ഒന്നിനും 2021 ജൂലൈ 5നും ഇടയിൽ 37,050 കോടി രൂപയാണ് റീഫണ്ട് ഇനത്തിൽ ആദായനികുതി വകുപ്പ് നികുതി ദായകർക്ക് നൽകിയത്. അതിൽ 26,642 കോടി രൂപ കോർപ്പറേറ്റ് നികുതി റീഫണ്ടിനത്തിലാണ്.