മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് പിന്മാറാനൊരുങ്ങി അനില്‍ ധിരുബായ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ട്. കമ്പനിയുടെ കടം കുറക്കുന്നതിന്‍റെ ഭാഗമായി ഓഹരികള്‍ നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജുമെന്റിന് കൈമാറുന്നതോടെ പൂര്‍ണമായും മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് റിലയന്‍സ് ഗ്രൂപ്പ് പിന്മാറും എന്നാണ് ലഭിക്കുന്ന വിവരം.
ആകെ 42.88 ശതമാനം ഓഹരിയാണ് റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ളത്. ഇവ മുഴുവനും ജപ്പാനിലെ നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന് കൈമാറും എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 6000 കോടി രൂപയുടെ വരുമാനമാണ് ഇടപാടിലൂടെ റിലയന്‍സ് ലക്ഷ്യം വക്കുന്നത്. ഇതോടൊപ്പം റിലയന്‍സ് നിപ്പോണ്‍ അസറ്റ് മാനേജുമെന്റ് ഓപ്പണ്‍ ഓഫറും പ്രഖ്യാപിക്കും. ഓഹരിയൊന്നിന് 230 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
കടബാധ്യതയുടെ 33 ശതമാനം ഈ ഇടപാടിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് റിലയൻസ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ ധിരുബായ് അംബാനി അറിയിച്ചിരിക്കുന്നത്.