ഇന്ത്യൻ മൾട്ടിനാഷണൽ ഹോസ്‌പിറ്റാലിറ്റി ശൃംഖലയായ ഓയോയിൽ നിക്ഷേപം നടത്തി മൈക്രോസോഫ്റ്റ്. അഞ്ച് മില്യണ്‍ ഡോളറിന്‍റെ (ഏകദേശം 37.15 കോടി രൂപ) നിക്ഷേപമാണ് മൈക്രോസോഫ്റ്റ് നടത്തിയത്. ഒയോയുടെ പ്രഥമ ഓഹരി വില്പന(ഐപിഒ) നടക്കാനിരിക്കെയാണ് പുതിയ നിക്ഷേപം.
Also Read: ഫേസ്ബുക്ക് ഇനി പണം കടം തരും; ചെറുകിട കച്ചവടക്കാർക്കായി വായ്‌പ പദ്ധതി
മൈക്രോസോഫ്റ്റ് ഒമ്പത് മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം ഒയോയിൽ നടത്തുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. ജാപ്പനീസ് കമ്പനിയായ സോഫ്റ്റ്ബാങ്കിന് 46 ശതമാനം ഓഹരിയുള്ള ഒയോ കൊവിഡിനെ തുടർന്ന് വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരികയും വാക്‌സിനേഷൻ വ്യാപകമാകുകയും ചെയ്‌തതോടെ ഇന്ത്യയിലെ ഹോട്ടൽ മേഖല തിരിച്ചുവരവിന്‍റെ പാതയിലാണ്.
നിലവിൽ ഇന്ത്യയിൽ ഐപിഒയിൽ വലിയ മുന്നേറ്റമാണ് നടക്കുന്നത്. ജൂലൈയിൽ ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്ന് ലഭിച്ചത്. സോഫ്റ്റ് ബാങ്കിന് നിക്ഷേപമുള്ള ബെർക്ക്‌ഷൈർ ഹാത്ത്‌വേ, ഓല എന്നിവയും ഐപിഒയ്‌ക്ക് തയ്യാറെടുക്കുകയാണ്.
ജെപി മോർഗൻ, കൊടാക്ക് മഹിന്ദ്ര, സിറ്റി എന്നിവർക്ക് പ്രാരംഭ ഓഹരി വിൽപനയുടെ ഭാഗമായി ഓല 1.2 ബില്യൺ ഡോളറിന്‍റെ ഓഹരികൾ കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക പ്രതികരണം ഇതുവരെ ഓല നടത്തിയിട്ടില്ല.