ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ച നിരക്ക് പുതുക്കി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ 9.5 ശതമാനം വളർച്ച നേടുമെന്നാണ് ഐഎംഎഫ് പ്രവചനം. കഴിഞ്ഞ ഏപ്രിലിൽ ഇതേ കാലയളവിൽ ഇന്ത്യ 12.5 ശതമാനം വളർച്ച നേടുമെന്നായിരുന്നു ഐഎംഫ് പ്രവചിച്ചത്.
Also Read: വ്യവസായ സ്ഥാപനങ്ങളിലെ റെയ്‌ഡിന് പ്രത്യേക പദ്ധതിയുമായി സർക്കാർ
കൊവിഡ് രണ്ടാം തരംഗവും വാക്‌സിനേഷന്‍റെ വേഗതക്കുറവുമാണ് വളർച്ചാ നിരക്ക് പുനർ നിർണയിക്കാൻ കാരണമായത്. ഈ സാമ്പത്തിക വർഷം ഇന്ത്യ 9.5 ശതമാനം വളർച്ച നേടുമെന്നാണ് നേരത്തെ റിസർവ് ബാങ്കും പ്രവചിച്ചത്. 2021ൽ 8.3 ശതമാനവും 2022 ൽ 7.5 ശതമാനവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളർച്ച കൈവരിക്കുമെന്നാണ് ലോക ബാങ്കിന്‍റെ പ്രവചനം.
അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 8.5 ശതമാനം ആയിരിക്കുമെന്നും ഐഎംഎഫ് പറയുന്നു. ഈ വളർച്ചാ നിരക്ക് നേടാനായാൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും ഐഎംഎഫ് കണക്കുകൂട്ടുന്നു. ഇക്കാലയളവിൽ ചൈനയുടെ വളർച്ചാ നിരക്ക് 5.7 ശതമാനം ആയിരിക്കുമെന്നും ഐഎംഎഫ് പറയുന്നു.
വാക്‌സിനേഷന്‍റെ വേഗത കൂടുതലുള്ള രാജ്യങ്ങളിൽ കൊവിഡ് മൂലമുള്ള ആഘാതം നേരിയ തോതിൽ ആയിരിക്കുമെന്നും. എന്നാൽ ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങി വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പ് മന്തഗതിയിലായിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി.