ദീപാവലി കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും രാജ്യത്ത് സവാള വില കുതിച്ചുയരുകയാണ്. സവാളയുടെ മൊത്തവിപണി വില കിലോക്ക് 100 രൂപയിലെത്തിയിരിക്കുന്നു.
മഹാരാഷ്‌ട്രയിലെ സോലാപ്പൂര്‍, സംഗാനെര്‍ വിപണികളില്‍ സവാളയുടെ വിപണിവില കിലോക്ക്110 രൂപയാണ്. കോയമ്പത്തൂര്‍ പോലുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളിൽ സവാള കിലോക്ക് 100 രൂപയും ചെറിയ ഉള്ളി 130 രൂപയുമാണ് നിലവിലെ വില. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സവാള വില 80 രൂപ കടന്നിരിക്കുന്നുവെന്ന് നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡു പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈദരാബാദ്, നാഗ്പ്പൂര്‍, ഭോപ്പാല്‍ തുടങ്ങിയ നഗരങ്ങളില്‍ സവാള വില ഉപഭോക്താക്കളുടെ കൈ പൊള്ളിക്കുകയാണ്. മഹാരാഷ്‌ട്ര, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തർപ്രദേശ്, ബീഹാര്‍ എന്നീ ഉള്ളി ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ പെട്ടെന്നുണ്ടായ മഴയും പ്രളയവും സവാള കൃഷിയെ പ്രതികൂലമായി ബാധിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ സവാള ഉല്‍പാദനത്തില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം ഇന്ത്യക്കാണ്.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വിദേശത്തുനിന്ന് സവാള ഇറക്കുമതി ചെയ്യുമെന്നും ആഭ്യന്തര വിതരണം കൂട്ടുമെന്നും കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ പറഞ്ഞിരുന്നു. സവാളയുടെ ഇറക്കുമതി ചുമതല വാണിജ്യസ്ഥാപനമായ എംഎംടിസിയെ ആണ് ഏല്‍പിച്ചിട്ടുള്ളത്. അങ്ങനെ ലഭ്യമാകുന്ന ഉള്ളി നാഫെഡ് (നാഷണല്‍ അഗ്രികല്‍ച്ചറല്‍ കോപറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) 2019 ഡിസംബര്‍ 15 ന് മുമ്പായി എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യും. സബ്സിഡിയിലൂടെ വിതരണം ചെയ്യുന്ന സവാളയുടെ വില കുറക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വില കുറക്കുന്നതിന്‍റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
വിപണിയിൽ സവാള വില ഇത്തരത്തിൽ കുതിച്ചുയരുന്നത് ഇതാദ്യമായല്ല. രണ്ടുവര്‍ഷം മുമ്പ് സവാളവില 60 രൂപ കടന്നപ്പോള്‍ ഉടൻ നടപടി സ്വീകരിക്കാനാവില്ലെന്ന് കേന്ദ്രം പറഞ്ഞിരുന്നു.
സെപ്റ്റംബർ മാസം അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ അളവില്‍ സവാള വിതരണം ചെയ്യുമെന്ന് ഈ വര്‍ഷം ആദ്യം കേന്ദ്രം ഉറപ്പുനൽകിയിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്തപോലെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സവാള വിതരണം ചെയ്യാൻ കേന്ദ്രത്തിനായില്ല. ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൃത്യസമയത്ത് സ്വീകരിക്കാത്തതാണ് വില വർദ്ധനയുടെ കാരണം.
വില വർധനയിൽ മാറ്റമില്ലാത്തതിനാൽ സര്‍ക്കാര്‍ സവാളയുടെ കയറ്റുമതി സബ്സിഡി പിന്‍വലിക്കുകയും, ചില്ലറ വില്‍പനക്കാര്‍ക്ക് 100 ക്വിന്‍റല്‍ വരേയും മൊത്തവില്‍പനക്കാര്‍ക്ക് 500 ക്വിന്‍റല്‍ വരേയും ഉള്ളി സംഭരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. അടിയന്തരമായി ഈജിപ്ത് പോലുള്ള രാജ്യങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാനും തീരുമാനമായി. പല സംസ്ഥാനങ്ങളും ഉള്ളി സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആ സബ്സിഡി കൊണ്ട് ഉപഭോക്താക്കൾക്ക് കാര്യമായ ഗുണം ലഭിക്കണമെന്നില്ല.
മഹാരാഷ്‌ട്ര, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഉപഭോഗത്തിന്‍റെ തോത് എത്രതന്നെയാലും നിലക്കടല, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില, അസ്ഥിരമായി തുടരുകയാണ്. എല്ലാ വര്‍ഷവും ഏതെങ്കിലും ഒരു വിളയുടെ കാര്യത്തില്‍ കര്‍ഷകരോ അല്ലെങ്കില്‍ ഉപഭോക്താക്കളുടെ ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്നു എന്നതാണ് നിലവിലെ സാഹചര്യം. എന്നാൽ ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാർ തയ്യാറാകുന്നില്ല എന്നതാണ് വാസ്‌തവം.
പതിനാല് ബില്യണ്‍ ഹെക്‌ടര്‍ കൃഷിഭൂമിയുള്ള രാജ്യമാണ് ഇന്ത്യ. ചൈന അവര്‍ക്കാവശ്യമായ ഭക്ഷ്യോല്‍പാദനത്തിന്‍റെ 95 ശതമാനവും സ്വയം ഉൽപ്പാദിപ്പിക്കുമ്പോൾ ഇന്ത്യ സവാളക്ക് പുറമേ പയറുവര്‍ഗങ്ങളും ഭക്ഷ്യഎണ്ണയും മറ്റും ഇറക്കുമതി ചെയ്യുകയാണ്
അനുബന്ധ വിള കൃഷിയിലൂടെ ഇന്ത്യക്ക് ഈ ദുരവസ്ഥയില്‍നിന്ന് മോചനം നേടാം. രാജ്യത്തുടനീളം എവിടെയെല്ലാം വിളവുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കപ്പെടുന്നുണ്ടോ അവയെക്കുറിച്ചുള്ള വിവരങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടുതല്‍ വിളവ് ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഏതിനം വിളവ് കൃഷി ചെയ്യണം, ആ വിളവിന് നേരിടേണ്ടിവരുന്ന പ്രാദേശിക പാരിസ്ഥിക പ്രശ്നങ്ങള്‍ എങ്ങിനെ ലഘൂകരിക്കാം എന്നിവയെക്കുറിച്ചെല്ലാം കര്‍ഷക സമൂഹത്തിന് സര്‍ക്കാര്‍ വകുപ്പുകളും കാര്‍ഷികഗവേഷണ സ്ഥാപനങ്ങളും നിര്‍ദ്ദേശങ്ങള്‍ നല്‍കണം. കൃഷിയുടെ ഒരു ഘട്ടത്തിലും കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാനായി ഒരു മൊത്തവിലനിര്‍ണയ സംവിധാനം (gross pricing mechanism) നടപ്പാക്കണം.
ഏതെങ്കിലും ഒരു വിളയുടെ ഉല്‍പ്പാദനം പ്രതികൂലമായി ബാധിക്കപ്പെടുകയാണെങ്കില്‍ വിദേശത്തുനിന്ന് അത് ഇറക്കുമതി ചെയ്യേണ്ടതിന് ആവശ്യമായ നടപടികളും കരാറുകളും നേരത്തെ തന്നെ കൈക്കൊള്ളണം. വിളകള്‍ കൂടുതൽ അളവില്‍ ഉല്‍പാദിപ്പിക്കപ്പെടുകയാണെങ്കില്‍ അവ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യത സൂക്ഷ്മമായി വിലയിരുത്തണം. വാസ്‌തവത്തില്‍ ഇത്തരത്തിലുള്ള ദീര്‍ഘകാല ആസൂത്രണവും അത് പ്രാവര്‍ത്തികമാക്കലും ആണ് കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും കൃഷിമന്ത്രാലയ പദ്ധതികളുടെ അടിസ്ഥാന ഘടകങ്ങള്‍. ജില്ലാതലത്തില്‍ വിളവുകളുടെ ആസൂത്രണം, ഗതാഗത- സംഭരണ സൗകര്യങ്ങള്‍ സജ്ജമാക്കല്‍ എന്നിവയില്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അലസതയാണ് ആവശ്യവും വിതരണവും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നതിനും വിദേശ സഹായത്തെ ആശ്രയിക്കേണ്ടിവരുന്നതിനും കാരണം.
കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍, കാര്‍ഷിക സര്‍വകലാശാലകള്‍, ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സംഘടനകള്‍ എന്നിവയെല്ലാം ഒത്തുചേര്‍ന്ന് സാങ്കേതിക വിദ്യയിലധിഷ്‌ഠിതമായി രാജ്യത്തെ കൃഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് വരണം. എന്നാൽ മാത്രമേ ഇപ്പോൾ ഉണ്ടായിട്ടുള്ള സവാള വില വർധന പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.