2020 ജൂണ്‍ മാസത്തെ വാഹന വില്പന കണക്കിൽ ഒന്നാം സ്ഥാനത്ത് മാരുതി സുസുക്കി. 1,24,280 കാറുകളാണ് മാരുതി ജൂൺ മാസം വില്പന നടത്തിയത്. ജൂണ്‍ മാസം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ കാർ മാരുതിയുടെ വാഗണ്‍-ആർ ആണ്.
Also Read:കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബ് തെലങ്കാനയില്‍: കെടിആറുമായി കൂടിക്കാഴ്‌ച നടത്തി
19,447 യൂണിറ്റ് വാഗണ്‍-ആർ യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. ഏറ്റവും അധികം വില്പന നടന്ന ആദ്യ ആറ് കാറുകളും മാരുതിയുടേതാണ്. ആദ്യ പത്തിൽ രണ്ട് കാറുകളൊഴികെ ബാക്കി എല്ലാം മാരുതി സുസുക്കിയുടേതാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ മാരുതിയുടെ തന്നെ സ്വിഫ്റ്റ്, ബലേനോ എന്നി മോഡലുകൾക്കാണ്. സ്വിഫ്റ്റിന്‍റെ 17727 യൂണിറ്റുകളും ബലേനോയുടെ 14701 യൂണിറ്റുകളുമാണ് വിറ്റുപോയത്.
നാലാം സ്ഥാനത്ത് 12833 യൂണിറ്റുകളുമായി വിറ്റാര ബ്രസയും അഞ്ചാമത് 12639 യൂണിറ്റുമായി ഡിസയറുമാണ്. ആറാം സ്ഥാനം മാരുതിയുടെ എക്കാലത്തെയും ജനപ്രിയ മോഡലായ ആൾട്ടോ (12519) സ്വന്തമാക്കിയപ്പോൾ ഏഴാമത് എത്തിയത് ഹ്യൂണ്ടായിയുടെ ക്രെറ്റയാണ്. 9941 യൂണിറ്റാണ് ക്രെറ്റയുടെ കഴിഞ്ഞ മാസത്തെ വില്പന. മാരുതിയുടെ തന്നെ എംപിവി എർട്ടിഗ 9920 യൂണിറ്റുകളുമായി എട്ടാമതും 9278 യൂണിറ്റുകൾ വിറ്റ ഇക്കോ ഒമ്പതാമതും ആണ്.
ഹ്യൂണ്ടായിയുടെ ഹാച്ച്ബാക്ക് ഗ്രാൻഡ് ഐ10 (8787) ആണ് പത്താമത്. ഏറ്റവും അധികം വില്പന നടത്തിയ വണ്ടികളിൽ മാരുതിയുടെ 11ഉം ഹ്യൂണ്ടായിയുടെ നാല് കാറുകളും ടാറ്റ മോട്ടോഴ്സിന്‍റെയും മഹീന്ദ്രയുടെയും മൂന്ന് മോഡലുകളുമാണ് ഇടം നേടിയത്. ജൂണിലെ ആകെ വില്പനയുടെ 58 ശതമാനവും മാരുതി സുസുക്കിയുടെ വാഹനങ്ങളാണ്.