പെട്ടെന്നുള്ള പണത്തിന്‍റെ ആവശ്യം നിറവേറ്റാന്‍ നമ്മള്‍ പലരും ഉപയോഗപ്പെടുത്താറുള്ള ഒന്നാണ് സ്വര്‍ണവായ്പ. പെട്ടെന്ന് തന്നെ വായ്പ ലഭിക്കുമെന്നുള്ളതാണ് സ്വര്‍ണവായ്പയുടെ ഗുണം. സ്വര്‍ണവായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് നോമിനിയെ രേഖപ്പെടുത്തുക എന്നുള്ളത്. സ്വര്‍ണവായ്പ ലഭ്യമാക്കുന്ന പല ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും നോമിനിയെ രേഖപ്പെടുത്തണമെന്ന് നിഷ്കര്‍ഷിക്കാറില്ല. എന്നാല്‍ ഇത് ഭാവിയില്‍ പല പ്രശ്ന്നങ്ങള്‍ക്കും കാരണമാകും
ഇന്‍ഷൂറന്‍സ്, സ്ഥിരനിക്ഷേപം തുടങ്ങി പല നിക്ഷേപങ്ങള്‍ക്കും നോമിനി വേണമെന്നുള്ളത് നിര്‍ബന്ധമാണ്. സ്വര്‍ണവായ്പയില്‍ നോമിനിയെ രേഖപ്പെടുത്താതിന്‍റെ പ്രധാന പ്രശ്ന്നം വായ്പയെടുക്കുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ഈടായി വെച്ച സ്വര്‍ണം കുടുംബത്തിന് തിരിച്ചെടുക്കാന്‍ പല ബുദ്ധിമുട്ടുകളും നേരിടും എന്നുള്ളതാണ്. പലപ്പോഴും ഏത് ധനകാര്യസ്ഥാപനത്തിലാണ് സ്വര്‍ണം വെച്ചെതെന്ന് പോലും വായ്പയെടുത്ത വ്യക്തിയുടെ കുടുംബാഗങ്ങള്‍ അറിയാത്ത സാഹചര്യം ഉണ്ടാകാറുണ്ട്.
90 ദിവസത്തെ കാലയളവില്‍ മുതലോ പലിശയോ തിരിച്ചടയ്ക്കാത്ത സാഹചര്യമുണ്ടാകുകയാണെങ്കില്‍ ആ സ്വര്‍ണവായ്പയെ നിഷ്ക്രിയ ആസ്ഥിയായി ധനകാര്യ സ്ഥാപനം കണക്കാക്കും. അതിന് ശേഷം ധനകാര്യസ്ഥാപനം നോട്ടീസ് അയച്ചിട്ടും വായ്പയെടുത്തയാളില്‍ നിന്നോ അവരുടെ കുടുംബാഗങ്ങളില്‍ നിന്നോ പ്രതികരണമില്ലെങ്കില്‍ ഈടായി വച്ച സ്വര്‍ണം ലേലത്തിന് വയ്ക്കുന്നു.
കൂടാതെ സ്വര്‍ണവായ്പയെടുത്തയാള്‍ മരിക്കുകയാണെങ്കില്‍ കുടുംബാഗങ്ങള്‍ക്ക് ഈടായിവച്ച സ്വര്‍ണം വായ്പമുതലും പലിശയും അടച്ച് തിരികെ വാങ്ങിക്കണമെങ്കില്‍ നിയമപരമായ അവകാശിയാണെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നോമിനിയെ വെച്ചിട്ടുണ്ടെങ്കില്‍ പലനൂലമാലകളും ഒഴിവാക്കാം
ബാങ്കുകള്‍ സ്വര്‍ണവായ്പയ്ക്ക് നോമിനിയെ രേഖപ്പെടുത്തണം എന്നുള്ളത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ചില ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല എന്നുള്ളതുകൊണ്ട് തന്നെ അത്തരം സ്ഥാപനങ്ങളില്‍ നിന്ന് സ്വര്‍ണവായ്പയെടുക്കുമ്പോള്‍ നിങ്ങള്‍ നോമിനിയെ രേഖപ്പെടുത്തുന്നുണ്ട് എന്നുള്ളത് ഉറപ്പ് വരുത്തണം.
ALSO READ: യുക്രൈൻ അധിനിവേശം; റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തി വച്ച് മൈക്രോസോഫ്റ്റ്