മുംബൈ: ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് കരുത്തായി യൂട്യൂബിലെ പുതിയ ക്രിയറ്റേഴ്‌സ്. പോയവർഷം 6800 കോടി രൂപ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് യൂട്യൂബ് ഇന്ത്യയിൽ നിന്ന് ലഭിച്ചെന്ന് പഠന റിപ്പോർട്ട്. യൂട്യൂബ് ചാനൽ ക്രിയേറ്റേഴ്‌സിലെ വളർച്ചയും വരുമാനവും അടിസ്ഥാനമാക്കി ഓക്‌സ്ഫോർഡ് ഇക്കണോമിക്‌സ് നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകള്‍.
683900 മുഴുവൻ സമയ ജോലിക്കും യുട്യൂബ് 2020ൽ അവസരമൊരുക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് 100,000ൽ അധികം സബ്‌സ്ക്രൈബർമാരുള്ള ചാനലുകളുടെ എണ്ണം 40000 ആയി ഉയർന്നു. വർഷത്തിൽ 45 ശതമാനത്തിലധികം വളർച്ചയാണ് ഇന്ത്യയിൽ യൂട്യൂബ് നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓരോ വർഷവും വലിയ രീതിയിൽ പുതിയ ആളുകള്‍ യുട്യൂബിൽ ചാനലുകള്‍ സൃഷ്‌ടിച്ച് അവസരങ്ങള്‍ കണ്ടെത്തുന്നുണ്ട്. ഇത് സാമ്പത്തിക വ്യവസ്ഥയിൽ ഗുണകരമായ രീതിയിൽ ചലനങ്ങള്‍ ഉണ്ടാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പുതിയ ക്രിയേറ്റർമാർക്ക് രാജ്യത്തെ സമ്പത്തിക വളർച്ചയ്ക്കും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് എഷ്യ-പസഫിക് റീജണൽ ഹെഡ് അജയ് വിദ്യാസാഗർ പറഞ്ഞു.
വരുമാനത്തിനപ്പുറം ആഗോള തലത്തിൽ ശ്രദ്ധ നേടാൻ കഴിയുമെന്നത് പുതിയ ക്രിയറ്റർമാർക്ക് വലിയ അവസരമാണെന്നും അജയ് വിദ്യാസാഗർ പറയുന്നു. പോസിറ്റിവ് ഫലമാണ് യുട്യൂബിൽ നിന്ന് ലഭിക്കുന്നതെന്ന് 80 ശതമാനം ക്രിയേറ്റേഴ്‌സും പറയുന്നുവെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. മാസം ആറക്ക വരുമാനമുള്ള (ഒരു ലക്ഷത്തിന് മുകളില്‍) 60 ശതമാനത്തിലേറെ യൂട്യൂബ് ചാനലുകള്‍ ഇന്ന് നിലവിലുണ്ടെന്നും ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് സിഇഒ അഡ്രിയാൻ കൂപ്പർ പറയുന്നു.
വരുമാനത്തിനൊപ്പം തങ്ങളുടെ സൃഷ്ടികള്‍ ലോകത്തിന് മുമ്പിൽ എത്തിക്കാൻ യൂട്യൂബ് സഹായകരമായെന്ന് 90 ശതമാനത്തിലധികം ഇടത്തര വരുമാനക്കാരും സമ്മതിക്കുന്നതായും അഡ്രിയാൻ കൂപ്പർ പറഞ്ഞു.
ALSO READ ചൈനീസ് ലോണ്‍ ആപ്പ് ഇന്ത്യയിൽ വെളുപ്പിച്ചത് 11,717 കോടി രൂപ