ന്യൂഡല്‍ഹി: ആദായ നികുതി സ്ലാബുകളില്‍ പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ച് പരോക്ഷ നികുതി ടാസ്ക് ഫോഴ്സ്. കഴിഞ്ഞ 58 വര്‍ഷമായി രാജ്യം പിന്‍തുടരുന്ന നികുതി വ്യവസ്ഥയില്‍ നിന്ന് കാര്യമായി മാറ്റമുണ്ടാകണമെന്നാണ് സിബിഡിടി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വം നല്‍കുന്ന ടാസ്ക് ഫോഴ്സ് നിര്‍ദേശിച്ചിരിക്കുന്നത്.
പുതിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ വരുമാനം ഉള്ളവര്‍ വരുമാനത്തിന്‍റെ പത്ത് ശതമാനം ആദായ നികുതി ഇനത്തില്‍ അടക്കേണ്ടി വരും 10 മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവര്‍ 20 ശതമാനവും അതിനു മുകളില്‍ രണ്ടു കോടിവരെ വരുമാനമുള്ളവര്‍ നല്‍കേണ്ടത് 30 ശതമാനം നികുതിയുമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. പുതിയ നിര്‍ദേശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ മുന്നില്‍ ഓഗസ്ത് 19ന് സമര്‍പ്പിച്ചെങ്കിലും ഇതുവരെയും ഇത് പരസ്യപ്പെടുത്തിയിട്ടില്ല.
നിലവില്‍ 2.5 ലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെയുള്ള വര്‍ക്ക് അഞ്ചുശതമാനമാണ് ആദായ നികുതി ഇനത്തില്‍ ഈടാക്കുന്നത്. അതിനുമുകളില്‍, അഞ്ചു ലക്ഷം രൂപമുതല്‍ 10 ലക്ഷം രൂപവരെയുള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനമവുമാണ് നികുതി ചുമത്തുന്നത്. അതേസമയം 2019 ലെ ഇടക്കാല ബജറ്റില്‍ അഞ്ചുലക്ഷം രൂപവരെയുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.