മുംബൈ: രാജ്യത്തെ പണഞെരുക്കം മറികടക്കാനായി റിസർവ് ബാങ്കിന്‍റെ അധിക കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന് കൈമാറും. ഇക്കാര്യം ആവശ്യപ്പെടുന്ന ബിമല്‍ ജെലാൻ സമിതി റിപ്പോർട്ട് ആർബിഐ അംഗീകരിച്ചു. റിസർവ് ബാങ്ക് സൂക്ഷിക്കേണ്ട കരുതല്‍ ശേഖരം, സർക്കാരിന് കൈമാറേണ്ട ലാഭവിഹിതം എന്നിവ സംബന്ധിച്ച റിപ്പോർട്ട് പ്രകാരമാണ് തീരുമാനം. ആദ്യമായാണ് ഇത്രയും വലിയ തുക ആർബിഐ കേന്ദ്രസർക്കാരിന് കൈമാറുന്നത്.
ജൂലൈയില്‍ തുടങ്ങി ജൂണില്‍ അവസാനിക്കുന്നതാണ് ആർബിഐയുടെ സാമ്പത്തിക വർഷം. ആഗസ്റ്റിലാണ് ലാഭവിഹിതം സർക്കാരിന് കൈമാറുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സൂചനകൾക്കിടെയാണ് റിസർവ് ബാങ്ക് കരുതല്‍ ധനം കേന്ദ്ര സർക്കാരിന് കൈമാറുന്നത്. പൊതുമേഖലാ ബാങ്കുകൾക്ക് മൂലധനമായി 70,000 കോടി രൂപ നല്‍കുമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആർബിഐ നടപടി. നേരത്തെ ആർബിഐ ഗവർണറായിരുന്ന ഊർജിത് പട്ടേല്‍ രാജിവെച്ചതിന് പിന്നില്‍, കരുതല്‍ ധനം സർക്കാർ ആവശ്യപ്പെട്ടതാണെന്ന ആരോപണം ഉയർന്നിരുന്നു.