ന്യൂഡൽഹി: വാർഷിക കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത വ്യവസായികളുമായി കൂടിക്കാഴ്‌ച നടത്തി. സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വളർച്ച ഉയർത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും ആവശ്യമായ നടപടികളും കൂടിക്കാഴ്‌ചയിൽ ചർച്ച ചെയ്‌തു. മുകേഷ് അംബാനി, രത്തൻ ടാറ്റ, സുനിൽ ഭാരതി മിത്തൽ, ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര, അനിൽ അഗർവാൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വളർച്ച പുനരുജ്ജീവിപ്പിക്കാനുള്ള നിർദ്ദേശങ്ങൾക്കായി കഴിഞ്ഞ രണ്ടാഴ്‌ചയായി മോദി വിവിധ മേഖലകളിലെ വിദഗ്‌ധരുമായും പ്രധാനമന്ത്രി ഒറ്റത്തവണ കൂടിക്കാഴ്‌ചകൾ നടത്തിയെന്നും റിപ്പോർട്ടുണ്ട്. എഫ്എംസിജി, ഫിനാൻസ്, റിന്യൂവബിൾ എനർജി, ഡയമണ്ട്, റീട്ടെയിൽ, ടെക്‌സ്‌റ്റൈൽസ്, എംഎസ്എംഇ, സ്‌റ്റാർട്ടപ്പുകൾ, ടെക്നോളജി തുടങ്ങിയ മേഖലകളിൽ നിന്നുള്ള 60 ഓളം സംരംഭകരും ബിസിനസുകാരുമായും മോദി ഇതുവരെ ചർച്ച നടത്തി. ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.