ന്യൂഡൽഹി : ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) ചേരാനുള്ള ഉയർന്ന പ്രായപരിധി ഉയർത്തി കേന്ദ്രം. 65ൽ നിന്ന് 70 ആയാണ് പെൻഷൻ ഫണ്ട് റഗുലേറ്ററി അതോറിറ്റി പ്രായപരിധി ഉയർത്തിയത്.
18 മുതൽ 70 വയസുവരെയുള്ള ജോലി ചെയ്യുന്ന ആർക്കും കേന്ദ്ര സർക്കാരിന്‍റെ പെൻഷൻ പദ്ധതിയിൽ അംഗമാകാം.
Also Read: മീഡിയാടെക്ക് ഡൈമൻസിറ്റി 810 ; ആദ്യ ഫോണ്‍ റിയൽമിയിലൂടെ
ഇതുപ്രകാരം എൻപിഎസ് അക്കൗണ്ട് അവസാനിപ്പിച്ചവർക്ക് വീണ്ടും അക്കൗണ്ട് തുറക്കാം. 65നും 70നും ഇടയിൽ പദ്ധതിയിൽ ചേരുന്നവർക്ക് 75 വയസുവരെയാണ് കാലാവധി.
കൂടാതെ 65 വയസിൽ പദ്ധതിയിൽ എത്തുന്നവർക്ക് അടയ്‌ക്കുന്ന പണത്തിന്‍റെ 50 ശതമാനം വരെ ഓഹരിവിപണിയിൽ നിക്ഷേപിക്കാം.
തുക ഓഹരികൾ, കമ്പനി കടപ്പത്രങ്ങൾ, സർക്കാർ ബോണ്ടുകൾ, മറ്റ് സാമ്പത്തിക ആസ്തികൾ എന്നിവയിലാണ് നിക്ഷേപിക്കുന്നത്.
അവസരം നോക്കി നിക്ഷേപങ്ങൾ മാറ്റാനുള്ള ആക്ടീവ് ചോയ്‌സ്' രീതി ഉപയോഗിച്ച് പരമാവധി 50 ശതമാനം ഓഹരിയിൽ നിക്ഷേപിക്കാം. ഇത് കൂടാകെ 15 ശതമാനം വരെ ഓഹരിയിൽ നിക്ഷേപിക്കാൻ സാധിക്കുന്ന 'ഓട്ടോ ചോയ്‌സ്' സംവിധാനവും ഉണ്ട്.
നിക്ഷേപിക്കുന്ന പെൻഷൻ ഫണ്ട് വർഷത്തിൽ ഒരു തവണയും ഓഹരികൾ, കമ്പനി കടപ്പത്രങ്ങൾ, സർക്കാർ ബോണ്ടുകൾ എന്നിവയിലെ അനുപാതം രണ്ടുതവണയും വർഷത്തിൽ മാറ്റാൻ സാധിക്കും.
സാധാരണ രീതിയിൽ പദ്ധതിയിൽ അംഗമായവർക്ക് മൂന്ന് വർഷത്തിന് ശേഷം നിക്ഷേപം അവസാനിപ്പിക്കാൻ സാധിക്കും.
5 ലക്ഷത്തിന് മുകളിൽ നിക്ഷേപം ഉണ്ടെങ്കിൽ തുകയുടെ 60 ശതമാനത്തോളം പിൻവലിക്കാം. 5 ലക്ഷത്തിൽ താഴെയാണെങ്കിൽ മുഴുവൻ തുകയും പിൻവലിക്കാം.
മൂന്ന് വർഷം ആകുന്നതിന് മുൻപ് പദ്ധതിയിൽ നിന്ന് മാറുകയാണെങ്കിൽ 20 ശതമാനം മാത്രമേ പിൻവലിക്കാൻ സാധിക്കൂ.
എന്നാൽ നിക്ഷേപം രണ്ടര ലക്ഷം രൂപയിൽ താഴെയാണെങ്കിൽ മുഴുവൻ പണവും പിൻവലിക്കാം. പെൻഷനർ മരണപ്പെട്ടാൽ മുഴുവൻ തുകയും നോമിനിക്ക് ലഭിക്കും.
ദേശീയ പെൻഷൻ പദ്ധതി
2004 ജനുവരി ഒന്ന് മുതലാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദേശീയ പെൻഷൻ പദ്ധതിയിൽ അംഗത്വ അനുമതി ലഭിക്കുന്നത്. തുടർന്ന് എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അംഗത്വ അനുമതി ലഭിച്ചു.
ദേശീയ പെൻഷൻ പദ്ധതി അംഗത്വം 2009 മെയ് മുതൽ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സ്വമേധയാ ഉള്ള അടിസ്ഥാനത്തിലും 2011 ഡിസംബറിൽ കോർപ്പറേറ്റ് മേഖലയിലേക്കും 2015 ഒക്ടോബറിൽ പ്രവാസി ഇന്ത്യക്കാരിലേക്കും വ്യാപിപ്പിച്ചു.
പിന്നീട് 2019ൽ വിദേശ പൗരത്വമുള്ള ഇന്ത്യക്കാരെയും പദ്ധതിയുടെ ഭാഗമാക്കി.