പ്രവാസികളുടെ ദുരവസ്ഥ ഉല്‍കണ്ഠ ഉയര്‍ത്തിയിരിക്കുന്നതായി യുഎഇയിലെ മുന്‍ ഇന്ത്യന്‍ അമ്പാസിഡറും, ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫെലോയുമായ നവദീപ് സൂരി. മധ്യേഷ്യന്‍ രാജ്യങ്ങളിലെ ആരോഗ്യ പരിപാലന, ഐസൊലേഷന്‍, ക്വാറന്‍റയിന്‍ സൗകര്യങ്ങള്‍ അപര്യാപ്‌തമാണെന്നും അദ്ദേഹം. മുതിര്‍ന്ന പത്രപ്രവര്‍ത്തക സ്‌മിത ശര്‍മ്മയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
90 ലക്ഷം പ്രവാസികളാണ് ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ ഉള്ളതെങ്കിൽ, യുഎഇയില്‍ മാത്രം 30 ലക്ഷത്തിലധികം ഇന്ത്യക്കാരായ പ്രവാസികളുണ്ട്. അതിനു പുറമെയാണ് ഇന്ത്യയില്‍ നിന്നുള്ള വൈറ്റ് കോളർ ജീവനക്കാർ. വരും ദിവസങ്ങളില്‍ സ്വന്തം പൗരന്മാരെ ഒഴിപ്പിച്ചു കൊണ്ടു പോകണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഈയിടെ പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേരളീയരായ പ്രവാസികളില്‍ ഭൂരിഭാഗവും ഗൾഫ് രാഷ്‌ട്രങ്ങളിലാണ്. ഈ വിഷയങ്ങളെ കുറിച്ച് നവദീപ് സൂരി അഭിമുഖത്തില്‍ സംസാരിച്ചു. ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ രൂപപ്പെട്ട് വരുന്ന പ്രതിസന്ധിയും തൊഴില്‍ നഷ്‌ടവും അത് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവുമൊക്കെ സംസാര വിഷയമായി.
ഇതൊരു മാനുഷിക പ്രതിസന്ധിയല്ലെന്ന് കരുതുന്നതായി മുന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു. പക്ഷെ ഭയാശങ്കകള്‍ സൃഷ്‌ടിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. കൊവിഡ് 19 വൈറസിനു ശേഷം ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തിൽ ജി20 കൂട്ടായ്‌മ ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവ നടപ്പാക്കുന്നതിന് മുന്‍പായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. രണ്ട് വിശുദ്ധ മസ്‌ജിദ്ദുകളുടെ അധിപന്‍ കൂടിയായ സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ ഹജ്ജ് പോലുള്ള ആരാധനാ വിഷയങ്ങളില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് സഗൗരവം ആലോചിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തില്‍ നിന്ന്:
മധ്യേഷ്യന്‍ രാജ്യങ്ങളിലെ പ്രവാസികൾ ഏറെ കാലമായി ആരോഗ്യമേഖലയില്‍ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നു. കൊവിഡ് മഹാമാരിക്കിടയില്‍ ഏത് തരത്തിലുള്ള പ്രതിസന്ധിയാണ് അവരിപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്?
മധ്യേഷ്യയിലെ വിവിധ രാജ്യങ്ങള്‍, അത് സൗദി ആയാലും എമിറേറ്റ്‌സ് ആയാലും, വ്യത്യസ്‌ത നിയമങ്ങൾ ഉള്ളവരാണ്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ കാരണം ഒരു ഒരു ദുരന്തം അല്ലെങ്കില്‍ പ്രതിസന്ധി നേരിടുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും ഞാന്‍ എവിടെയും കണ്ടിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ വല്ലതും കണ്ടേക്കാം. ആരോഗ്യ രംഗത്ത് ആവശ്യമായ സൗകര്യം ഒരുക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നാണ് ഇപ്പോള്‍ എല്ലാ രാജ്യങ്ങളും പറയുന്നത്. പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ച് പോകണമെന്ന് അവര്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ച് അവിടെ കുടുങ്ങി പോയവര്‍ അല്ലെങ്കില്‍ തൊഴില്‍ നഷ്‌ടപ്പെട്ടവര്‍. പക്ഷെ അതിനെ രണ്ടാമത്തെ കാര്യമായാണ് അവര്‍ കാണുന്നത്. സാമ്പത്തിക ആരോഗ്യ മേഖലകളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയില്‍ നിന്നും മധ്യേഷ്യന്‍ രാജ്യങ്ങളും മുക്തമല്ല. മറ്റ് രാജ്യങ്ങളെ പോലെ അവരും അത് സാരമായി ബാധിച്ചു. ഓരോ രാജ്യങ്ങളും അവരുടേതായ വഴികളിലൂടെ അത് കൈകാര്യം ചെയ്തു വരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം നഴ്‌സുമാര്‍, ചെറുകിട ബിസിനസുകാര്‍, തൊഴിലാളികള്‍ എന്നിവര്‍ വലിയ തോതില്‍ ബാധിക്കപ്പെട്ടതായി അറിയുന്നുണ്ട്. ഇന്ത്യക്കാരായ പ്രവാസികൾ വില കുറഞ്ഞ മരുന്നുകള്‍ വാങ്ങി കൂട്ടുന്നുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന കടുത്ത ദൗര്‍ലഭ്യം എങ്ങനെ കൈകാര്യം ചെയ്യാനാണ് ഇന്ത്യാ ഗവണ്‍മെന്‍റ് ശ്രമിക്കുക.
നമ്മുടെ അമ്പാസിഡര്‍മാരുമായും കോണ്‍സല്‍ ജനറല്‍മാരുമായും സംസാരിക്കണം. അവരെ കൊണ്ടാവുന്ന വിധത്തില്‍ ഏറ്റവും മികച്ച സഹായം ലഭ്യമാക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇതാണ് എനിക്ക് ഈ കാര്യത്തില്‍ നിര്‍ദ്ദേശിക്കാനുള്ളത്. അതത് രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി അടുത്തിടപഴകി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക സംഘടനകളുടെ ഒരു ശൃംഖല പ്രവാസികൾ രൂപപ്പെടുത്തിയിട്ടുണ്ട്. മധ്യേഷ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം വളരെ വലുതാണ്. എന്നാല്‍ പ്രാഥമികമായി അവരുടെ ഉത്തരവാദിത്വം ഇപ്പോൾ അതത് മധ്യേഷന്‍ രാജ്യത്തിനും ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ക്കുമാണ്. പ്രശ്‌നങ്ങൾ ഉണ്ടാകുന്നിടത്ത് എംബസികള്‍ തീര്‍ച്ചയായും ഇടപെടാറുണ്ട്. സാധ്യമായ ഇടങ്ങളിലെല്ലാം എംബസി 24 മണിക്കൂറും ഇടപെട്ട് പ്രവർത്തിക്കുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
പ്രവാസികളെ തിരികെ കൊണ്ടു പോകാന്‍ വിമുഖരായ രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ തങ്ങള്‍ കൊണ്ടു വരുമെന്ന് യുഎഇ പറഞ്ഞു കഴിഞ്ഞു. ഭാവിയിലെ ഉഭയകക്ഷി ബന്ധങ്ങളെ അത് എങ്ങനെയായിരിക്കും ബാധിക്കുക? ഇന്ത്യക്ക് എത്ര കാലം തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചു കൊണ്ടു വരാതെ ഇരിക്കാന്‍ കഴിയും?
യു എ ഇ സര്‍ക്കാര്‍ ഏത് പശ്ചാത്തലത്തില്‍ ആണ് അത് പറഞ്ഞതെന്ന് ശ്രദ്ധിക്കൂ. നമ്മുടെ എംബസികള്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ അവര്‍ കേന്ദ്രത്തെ അറിയിക്കും. സന്ദർശന വിസക്ക് വന്ന താരതമ്യേന ചെറിയ സംഘത്തിന്‍റെയും തൊഴില്‍ വിസക്ക് വന്ന വലിയ വിഭാഗത്തിന്‍റെയും പ്രശങ്ങളെ വേര്‍ തിരിച്ച് കാണേണ്ടതുണ്ട്. കേരള മുഖ്യമന്ത്രി പോലും കത്തിലൂടെ പറയുന്നത് താരതമ്യേന ചെറിയ സംഘത്തിന്‍റെ കാര്യമാണ്. അല്ലാതെ ലക്ഷക്കണക്കിന് പേരുടെ കാര്യമല്ല.
നിരവധി തൊഴിലാളികള്‍ അടച്ചിടപ്പെട്ടിരിക്കുന്നു എന്നും, തൊഴില്‍ നഷ്‌ടപ്പെട്ടിരിക്കുന്നു എന്നും, ധാരാളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ കുടുങ്ങിപ്പോയിരിക്കുന്നു എന്നുമാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് അവരെ രോഗബാധിതരാക്കാന്‍ ഏറെ ഇടവരുത്തുന്ന കാര്യമല്ലെ?
90 ലക്ഷം ഇന്ത്യക്കാര്‍ മധ്യേഷന്‍ രാജ്യങ്ങളിലുണ്ട്. ശരിക്കും പറഞ്ഞാല്‍ ഒരു മെട്രോ നഗരത്തിലെ ജനസംഖ്യയുടെ അത്രയും വരുമിത്. ശരാശരി ഒരു വിമാനത്തില്‍ 180 പേരെയാണ് കൊള്ളുക. അപ്പോള്‍ ലക്ഷക്കണക്കിന് പേരെ ഒഴിപ്പിച്ചു കൊണ്ടുവരാന്‍ എത്ര വിമാനം വേണ്ടി വരുമെന്ന് ഒന്ന് കണക്കു കൂട്ടി നോക്കൂ. അവരെ നിങ്ങള്‍ എവിടെ ക്വാറന്‍റയിനില്‍ വയ്ക്കും? ഇപ്പോള്‍ മധ്യേഷന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന വൈറസിന്‍റെ ഗണം തന്നെയാണ് ഇന്ത്യയില്‍ ഉള്ള വൈറസുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? അതിനാല്‍ പ്രവാസികളെ ഒഴിപ്പിച്ചു കൊണ്ടുവരിക പോലുള്ള കാര്യങ്ങള്‍ ചിന്തിക്കുന്നതിന് മുമ്പ് നമ്മള്‍ ഇത്തരം കാര്യങ്ങളും ആലോചിക്കേണ്ടതുണ്ട്. സർക്കാർ പറയുന്നതാണ് ശരി.
നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലം തന്നെയാണ് മെച്ചപ്പെട്ടതെന്ന് സർക്കാർ പറയുന്നു. അവിടെ ഏറ്റവും മികച്ച പരിപാലനം ലഭിക്കുന്നതായി ഉറപ്പു വരുത്താന്‍ പറ്റാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. പൗരന്മാരെ സംരക്ഷിക്കുന്ന കാര്യത്തില്‍ മറ്റേത് അയല്‍ രാജ്യത്തേക്കാളം മികച്ച ചരിത്രം ഇന്ത്യക്കുണ്ട്. യു എ യില്‍ പ്രവര്‍ത്തിച്ച് വ്യക്തി എന്ന നിലയില്‍ എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. നമുക്ക് സാമൂഹിക സംഘനകളുടെ ഒരു മികച്ച് ശൃംഖല ഉണ്ട്. തൊഴില്‍ ഇല്ലാത്ത പ്രവാസികൾ ഉണ്ടെന്ന കാര്യം ശരിയാണ്. കൊവിഡിന് ശേഷം ഒരു സാമ്പത്തികമാന്ദ്യം വരാനിരിക്കുന്നു എന്ന് നമുക്ക് അറിയാം. കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിട്ടാലുണ്ടാകുന്ന സ്ഥിതിവിശേഷം കൈകാര്യം ചെയ്ത് നമുക്ക് ശീലമുണ്ട്. ഒന്നുകില്‍ അവരെ തിരിച്ചു കൊണ്ടു വരുവാന്‍ നടപടി
എടുക്കണം. അല്ലെങ്കില്‍ അവര്‍ക്ക് വേറെ തൊഴില്‍ കണ്ടെത്തുന്നതു വരെ പരിപാലിക്കണം. അതിന് നമ്മുടെ മിഷനുകള്‍ തയാറായിക്കഴിഞ്ഞിട്ടുമുണ്ട്. പക്ഷെ ഇപ്പോള്‍ നമ്മള്‍ അനാവശ്യമായി ഭയാശങ്കകളോ നിരാശയോ സൃഷ്ടിക്കരുത്. അത് ചെയ്യാന്‍ പാടില്ല. അത് ആരെയും സഹായിക്കാന്‍ പോകുന്നില്ല.
വരുമാനവും തൊഴിലും നഷ്‌ടമാകുന്നത് ജിസിസി രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വന്‍ തോതിലുള്ള പണമൊഴുക്കിനെ ബാധിക്കില്ലേ?
തീര്‍ച്ചയായും അത് ബാധിക്കാന്‍ പോകുന്നു. ജിസിസിയും കേരളവുമായി വളരെ അടുത്ത ബന്ധമാണ്. അതുപോലെ ബിഹാര്‍, തെലങ്കാന, യുപി എന്നീ സംസ്ഥാനക്കാരായ പ്രവാസികളുമുണ്ട്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്ന് മാത്രം 17 ദശലക്ഷം യു എസ് ഡോളറാണ് ഇന്ത്യയില്‍ എത്തിയത്. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൊത്തത്തിലുള്ള കണക്ക് പ്രകാരം ഈ തുക ഏതാണ്ട് 50 ദശലക്ഷം യുഎസ് ഡോളര്‍ വരും. ഇന്ത്യയുടെ ജിഡിപിയുടെ ഏതാണ്ട് രണ്ട് ശതമാനം വരുമിത്. അതിനാല്‍ തൊഴില്‍ നഷ്‌ടത്തിനും ഇന്ത്യക്കാരായ പ്രവാസികളുടെ തിരിച്ചു വരവിനും സാധ്യതയുണ്ട്. അത് തീര്‍ച്ചയായും പണത്തിന്‍റെ വരവിനെ ബാധിക്കും. പക്ഷെ അത് ഇന്ത്യക്കകത്ത് നമ്മള്‍ കാണുന്ന അവസ്ഥകളില്‍ നിന്ന് വ്യത്യസ്‌തമല്ല. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ജോലി പോയി കുടിയേറ്റക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നത് നമ്മള്‍ കാണുന്നുല്ലേ? ആ പണമയക്കല്‍ സമ്പദ് വ്യവസ്ഥയും താഴോട്ട് പോകും. ലോകത്താകമാനം നമ്മള്‍ കണ്ടുവരുന്ന വലിയൊരു ദുരന്തത്തിന്‍റെ പ്രത്യാഘാതങ്ങള്‍ തന്നെയാണ് നമ്മള്‍ ഇവിടെയും കാണുന്നത്.
പ്രതിസന്ധി മറികടക്കാനുള്ള ജി20 നിര്‍ദ്ദേശങ്ങളെ താങ്കള്‍ എങ്ങിനെ കാണുന്നു.
എത്രത്തോളം പ്രാവര്‍ത്തികമാണ് അവ?
നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട് മറ്റ് പലതും ചെയ്‌ത് തീര്‍ക്കാനുണ്ട്. അന്താരാഷ്‌ട്ര സഹകരണത്തിന്‍റേതായ ചില ശ്രമങ്ങള്‍ക്കിടയിലും മിക്ക രാജ്യങ്ങളും സ്വന്തം ദേശീയ ശ്രമങ്ങളെ ഏറെ ആശ്രയിച്ചാണ് കഴിയുന്നത് എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ കണ്ടു.
മഹാമാരി കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ലോകാരോഗ്യ സംഘടന വലിയ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്നു. അതുപോലെ കൊവിഡ് പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യത്തിന്‍റെ പങ്കിന്‍റെ പേരില്‍ ചൈനയും ഏറെ ചോദ്യങ്ങള്‍ നേരിടുന്നു. ലോകരോഗ്യ സംഘടനയ്ക്കും ചൈനയ്ക്കും മേല്‍ അന്താരാഷ്‌ട്ര സമൂഹം ഉത്തരവദിത്തം ചാര്‍ത്തേണ്ടതുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?
ലോകാരോഗ്യ സംഘടനയെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിർത്താന്‍ ചൈന സ്വാധീനം ചെലുത്തി എന്ന് നിരീക്ഷിക്കുന്നതില്‍ തെറ്റില്ല. കഴിഞ്ഞു പോയ കാലഘട്ടം അതാണ് സൂചിപ്പിക്കുന്നത്. എന്തോ കുഴപ്പം ഉണ്ടെന്ന് 2019 നവംബറില്‍ തന്നെ ചൈനയ്ക്ക് അറിയാമായിരുന്നു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരുന്നതായി അധികൃതര്‍ ഭയക്കുന്നതായുള്ള വാര്‍ത്ത കഴിഞ്ഞ ഡിസംബറില്‍ ചൈനയിലെ പ്രാദേശിക മാധ്യമങ്ങളില്‍ വന്നു. പലരും അതിനെക്കുറിച്ച് എഴുതുന്നുണ്ടായിരുന്നു. എന്നിട്ടും ഈ വര്‍ഷം ജനുവരി 12 വരെ വ്യക്തമായ തെളിവുകളില്ലെന്ന് ചൈനയും ലോകരോഗ്യ സംഘടനയും പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴും വ്യോമഗതാഗതം നടന്നു. രണ്ട് ഭാഗങ്ങളായി വേണം നമ്മള്‍ ഇതിനെ നോക്കി കാണാന്‍. ലോകരോഗ്യ സംഘടനക്ക് ഏറെ പ്രാധാന്യമുണ്ട്. അവരാണ് ആരോഗ്യ വിഷയങ്ങളിലെ ഏകോപനവും മുന്നറിയിപ്പും നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. അതുകൊണ്ട് ഡബ്യുഎച്ച്ഒയുടെ ഇപ്പോഴത്തെ പെരുമാറിയ രീതികള്‍ പ്രധാനമാണ്. ഈ പാഠങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്കു മാത്രമല്ല മറ്റ് അന്താരാഷ്‌ട്ര സംഘടനകള്‍ക്കും ബാധകമാണ്. കാരണം നിരവധി അന്താരാഷ്‌ട്ര സംഘടനകള്‍ക്ക് മേല്‍ ചൈന കൂടുതല്‍ നിയന്ത്രണം കൈവരിക്കാനായി ശ്രമിച്ചു വരുന്നു എന്ന് കാണുന്നതിലാണ്. ഏറെ പ്രാധാന്യവുമുള്ള നിരവധി അന്താരാഷ്‌ട്ര സംഘടനകള്‍ ചൈനയുടെ സ്വഭാവ രീതികള്‍ ആര്‍ജിക്കുന്നത് കാണാന്‍ നാം ആഗ്രഹിക്കുന്നില്ല എന്നതു കൊണ്ട് തന്നെയാണ്.
മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയില്‍ കൊവിഡ്-19-നും അതിനു ശേഷമുള്ള കാലത്തെയും കൈകാര്യം ചെയ്യുന്നതിനായി ഹജ്ജ് പോലുള്ള കാര്യങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടിയിരിക്കുന്നു എന്ന് താങ്കള്‍ക്ക് തോന്നുന്നുവോ?
സൗദി, ഈജിപ്റ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേ തന്നെ നടപടികള്‍ എടുക്കുന്നതില്‍ താരതമ്യേന മികവ് കാട്ടിയവരാണ്. പള്ളികളിലെ വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരം പോലും അവര്‍ അനുവദിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അവർ 'വരൂ പ്രാര്‍ത്ഥിക്കാന്‍'' എന്ന അഹ്വാനം, 'വീടുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കൂ'' എന്നു പോലും ആക്കി. ഉംറ ആയാലും ഹജ്ജ് ആയാലും വലിയ ജനക്കൂട്ടം ഉണ്ടാകുന്ന മത ചടങ്ങുകള്‍ ഇനി പ്രത്യേകിച്ച് ശ്രദ്ധിച്ച് മാത്രമേ ചെയ്യൂ. ഏറെക്കാലമായി തുടരുന്ന ഒരു പരമ്പരാഗത ചടങ്ങ് എന്ന നിലയില്‍ ഹജ്ജ് യുദ്ധ കാലങ്ങളില്‍ പോലും മുടങ്ങാതെ നടന്നു വന്നിരുന്ന ഒരു വാര്‍ഷിക ചടങ്ങാണ്. അതിനാല്‍ ഇത്തവണ ഹജ്ജ് ഉണ്ടാകില്ല എന്ന് സൗദി പ്രഖ്യാപിക്കുമെങ്കില്‍ അത് വലിയൊരു തീരുമാനം ആയിരിക്കും. പക്ഷെ അതിനായി അവർക്ക് ഏറെ ആലോചനകള്‍ വേണ്ടി വരും.
വരാനിരിക്കുന്ന മാസങ്ങളില്‍ ഏതൊക്കെ നിര്‍ണായക സാമ്പത്തിക മേഖലകളിലായിരിക്കണം സര്‍ക്കാര്‍ ശ്രദ്ധ ഊന്നേണ്ടത്?
ജീവനും വേണം, ജീവിതവും വേണം എന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. അതിനാല്‍ ചില ഇളവുകളൊക്കെ കൊണ്ടു വന്നേക്കും എന്ന് അദ്ദേഹത്തിന്‍റെ പ്രസംഗം സൂചന നല്‍കുന്നുണ്ട്. അടച്ചിടല്‍ തുടരുമ്പോള്‍ തന്നെ ചില സാമ്പത്തിക പ്രവര്‍ത്തന മേഖലകള്‍ പുരോഗനപരമായി തുറക്കപ്പെട്ടേക്കും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചില പ്രത്യേകതകള്‍ മൂലം അത് നിര്‍ണായകമാണ്. കാരണം നിരവധി പേര്‍ ദിവസക്കൂലിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരി രാജ്യത്തുണ്ട്. അവരുടെ നിലനില്‍പ് നിര്‍ണായകമാണ്. എല്ലാ ദിവസവും സര്‍ക്കാരിനെ ഉന്നത തലങ്ങളില്‍ സജീവമാക്കി നിലനിര്‍ത്തുക എന്ന വെല്ലുവിളിയുമുണ്ട്. റോഡ് മാർഗമുള്ള ചരക്ക് നീക്കം കൂടിക്കുഴഞ്ഞ് കിടക്കുകയാണ്. ഈ വിതരണ ശൃംഖലെ ചില കുരുക്കുകള്‍ നിവര്‍ത്തിയെന്ന് നമ്മള്‍ ഉറപ്പു വരുത്തണം. സമ്പദ് വ്യവസ്ഥ എന്നത് ഒരു ജീവിക്കുന്ന വസ്തു പോലെയാണ്. ഒരു ശരീരമാണത്. അതിന്‍റെ ഒരു ഭാഗം ശരിക്ക് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ശരീരത്തിന്‍റെ മറു ഭാഗവും തകരാറിലാകും. സമ്പദ് വ്യവസ്ഥ ഒരു പരിധി വരെയെങ്കിലും സാധാരണ നിലയിലേക്ക് കൊണ്ടുവരണമെങ്കില്‍ വിതരണ ശൃംഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചേ മതിയാകൂ.