മുംബൈ: മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) അടുത്ത സാമ്പത്തിക വർഷത്തിൽ (സാമ്പത്തിക വർഷം 20-21) 5.5 ശതമാനം വളർച്ച നേടുമെന്ന് ഇന്ത്യ റേറ്റിംഗ് ആൻഡ് റിസർച്ച് (ഇന്‍റ്-റാ) അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ (2019- 20) ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് കണക്കാക്കിയ 5 ശതമാനം ജിഡിപി വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ പുരോഗതി മാത്രമാണ് ഇത്.
ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ വായ്‌പ വിതരണം കുറഞ്ഞത്, വരുമാന വളർച്ച കുറയുന്നത് മൂലം സമ്പാദ്യം കുറഞ്ഞത് തുടങ്ങിയ പല കാരണങ്ങൾ മൂലമാണ് സാമ്പത്തിക മേഖലയുടെ വളർച്ച മെല്ലെപോകുന്നതെന്ന് ഏജൻസി പറയുന്നു. 2021 ൽ പുരോഗതി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുറഞ്ഞ ഉപഭോഗ, നിക്ഷേപ ആവശ്യകത മൂലം കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണെന്നും ഏജൻസി അഭിപ്രായപ്പെടുന്നു.
സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചെറിയ കാലയളവിൽ മാത്രമേ അവ പ്രയോജനകരമാകൂവെന്നും റേറ്റിംഗ് ഏജൻസി പറയുന്നു.