വാഷിങ്ടൺ: ക്രിപ്റ്റോ കറൻസിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മിക്ക രാജ്യങ്ങളും ക്രിപ്റ്റോ കറൻസിയെ ജാഗ്രതയോടെയാണ് നോക്കി കാണുന്നത്. ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം റിസർവ് ബാങ്ക് നിരോധിച്ചിട്ടുണ്ട്. ക്രിപ്റ്റോ കറൻസിയിലേക്ക് നീങ്ങുന്നതിന് മുമ്പായി രാജ്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
ക്രിപ്റ്റോ കറൻസിയുടെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, തുടങ്ങിയ സ്ഥാപനങ്ങളുമായി ചർച്ച ചെയ്യുന്നുണ്ടെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയ പറഞ്ഞു.
ഉപയോഗത്തിന്‍റെ സൗകര്യം, ചെലവ് കുറക്കൽ, ഏറ്റവും പ്രധാനമായി സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവ നേട്ടങ്ങളാണെങ്കിലും ക്രിപ്റ്റോ കറൻസി ഉപഭോക്തൃ സ്വകാര്യതക്ക് വെല്ലുവിളിയാണെന്ന് അവർ കൂട്ടിചേർത്തു.
നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനായും ഡിജിറ്റൽ കറൻസി ദുരുപയോഗം ചെയ്യാമെന്നും ജോർജിയ കൂട്ടിചേർത്തു.
ഡിജിറ്റൽ വിപ്ലവ തരംഗത്തിൽ ഡിജിറ്റൽ പണം വികസിപ്പിക്കുന്നതിന്‍റെ അനിവാര്യതക്കൊപ്പം അതിന്‍റെ സ്ഥിരതയേയും, പരമാധികാരത്തെയും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർന്നും പ്രവർത്തിക്കുമെന്ന് ജോർജിയ പറഞ്ഞു.