ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ കടപത്ര(ഡെബ്‌റ്റ്) ഇടിഎഫുകളിൽ (എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ) നിക്ഷേപിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് ഐആർഡിഎഐ അനുവാദം നൽകി. ഇന്ത്യയിൽ ഉടൻ ആരംഭിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കടപത്ര ഇടിഎഫുകൾ നിക്ഷേപ യോഗ്യവും ഐആർഡിഎഐ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതവുമാണെന്ന് ബുധനാഴ്‌ച സർക്കുലറിൽ അറിയിച്ചു.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) മാർഗനിർദേശങ്ങൾക്കനുസൃതമായി ഇൻഷുറർമാരെ വിവിധ അസറ്റ് വിഭാഗങ്ങളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നുതാണ്. ഇത്തരം ഡെബ്‌റ്റ് ഇടിഎഫുകൾ സെബിയിൽ രജിസ്റ്റർ ചെയ്‌തതും സെബി ചട്ടങ്ങൾക്കനുസരിച്ച് നിയന്ത്രിക്കുന്നതുമായ മ്യൂച്വൽ ഫണ്ടുകൾ വഴി നൽകണമെന്നും ഐആർഡിഎഐ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ കടപത്ര അധിഷ്‌ഠിത ഇടിഎഫ് ഭാരത് ബോണ്ടായ ഇടിഎഫിന്‍റെ ആദ്യ വിൽപ്പന ഡിസംബർ 12 ന് ആരംഭിക്കും. പൊതുമേഖല സ്ഥാപനങ്ങൾക്ക് ഭാരത് ബോണ്ട് ഇടിഎഫ് വഴി ധനസമാഹരണം നടത്താം.