ന്യൂഡല്‍ഹി: 2022ൽ ഇന്ത്യ കൊവിഡ് വാക്സിൻ കയറ്റുമതി പുനഃരാരംഭിച്ചേക്കും. രാജ്യത്തെ പ്രായപൂർത്തിയായവരിൽ കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാകുന്ന മുറയ്‌ക്കാകും കയറ്റുമതി. നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ ചെയർമാൻ എൻ.കെ. അറോറയാണ് ഇക്കാര്യം അറിയിച്ചത്.
Also Read: ബെംഗളൂരുവിൽ മരുന്ന് പറന്നെത്തി; ഡ്രോൺ ഡെലിവറി പരീക്ഷണം വിജയം
നിലവിൽ ഏതാണ്ട് അറുപതോളം രാജ്യങ്ങൾക്ക് വാക്‌സിൻ ലഭ്യമല്ല. ഈ രാജ്യങ്ങൾക്ക് ഗണ്യമായ തോതിൽ വാക്‌സിൻ നൽകാൻ 2022ഓടെ ഇന്ത്യയ്‌ക്കാകുമെന്നും ഇന്ത്യ ബ്ലൂംബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ എൻ.കെ. അറോറ പറഞ്ഞു. 2021 അവസാനത്തോടെ പ്രദേശികമായി വികസിപ്പിച്ച അറ് കൊവിഡ് വാക്‌സിനുകൾക്ക് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അറോറ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 25,467 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് 3,19,551 സജീവ കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,486 പേരാണ് കൊവിഡ് മുക്തി നേടിയത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. ഇതുവരെ 58.89 കോടി വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്. 24 മണിക്കൂറിനിടെ 63,85,298 പേര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തു.