മുംബൈ: അന്താരാഷ്‌ട്ര നാണയ നിധി ഇന്ത്യയുടെ വളർച്ചാ നിരക്ക് ഗണ്യമായി കുറക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്‌ധയും ഇന്ത്യൻ വംശജയുമായ ഗീത ഗോപിനാഥ് പറഞ്ഞു. വാഷിങ്ടൺ ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര നാണയ നിധി ഒക്‌ടോബറിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് പുറത്തിറക്കിയിരുന്നു, അടുത്ത മാസം ജനുവരിയിലും നാണയ നിധി വളർച്ച അവലോകനം ചെയ്യുമെന്ന് ടൈംസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ഇന്ത്യ ഇക്കണോമിക് കോൺക്ലേവിൽ ഗീത ഗോപിനാഥ് പറഞ്ഞു.
ഉപഭോഗത്തിലെ ഇടിവ്, സ്വകാര്യ നിക്ഷേപത്തിന്‍റെ അഭാവം, കയറ്റുമതി കുറഞ്ഞതും സെപ്റ്റംബറിൽ ജിഡിപി വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറയുന്നതിന് കാരണമായി. റിസർവ് ബാങ്കുൾപ്പടെ ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സമീപ കാലത്ത് ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ജനുവരിയിൽ വരുന്ന വളർച്ചാ പ്രവചനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗണ്യമായ താഴ്‌ന്ന പുനരവലോകനമാകാൻ സാധ്യതയുണ്ടെന്നും ഗീത ഗോപിനാഥ് പറഞ്ഞു. എന്നാൽ കൃത്യമായി വളർച്ചാ നിരക്ക് പരാമർശിക്കുകയോ വളർച്ച അഞ്ച് ശതമാനത്തിൽ താഴുമെന്നോ പരാമർശിക്കുകയോ ചെയ്‌തില്ല.
2019 ൽ ഇന്ത്യക്ക് 6.1 ശതമാനം വളർച്ചയുണ്ടാകുമെന്നും 2020 ൽ ഇത് ഏഴ് ശതമാനമായി ഉയരുമെന്നും ഐഎംഎഫ് ഒക്‌ടോബറിൽ പ്രവചിച്ചിരുന്നു. 2025 ൽ അഞ്ച് ട്രില്യൺ ഡോളർ ജിഡിപി ലക്ഷ്യമെന്നതിൽ ഗീത ഗോപിനാഥ് സംശയം പ്രകടിപ്പിച്ചു. ഇന്ത്യയുടെ നോമിനൽ ജിഡിപി 10.5 ശതമാനവും, റിയൽ ജിഡിപി 8-9 ശതമാനവും വളർച്ച നേടിയാൽ മാത്രമേ 2025 ൽ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യത്തിലെത്തിച്ചേരാൻ സാധിക്കുകയുള്ളൂവെന്ന് ഗീത ഗോപിനാഥ് പറഞ്ഞു.
ഭൂമി, തൊഴിൽ, വിപണി സംബന്ധിച്ച് സർക്കാർ പരിഷ്‌കാരങ്ങൾ നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയും ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഇത്തരം ലക്ഷ്യങ്ങൾ ഒരു സമ്പദ് വ്യവസ്ഥക്ക് അനുകൂലമാണെന്നും എന്നാൽ ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്‌ഥ വെല്ലുവിളികൾ നിറഞ്ഞതാണെന്നും കോർപറേറ്റ് നികുതി കുറച്ചെങ്കിലും വരുമാനം കൂടാനായി മാർഗങ്ങൾ സ്വീകരിച്ചില്ല എന്നും ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്‌ധ വിമർശനമുന്നയിച്ചു.