ന്യൂഡൽഹി: വരുമാനക്കുറവ് പരിഹരിക്കുന്നതിനായി കേന്ദ്രം അടുത്തയാഴ്‌ച നടത്തുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ചരക്ക് സേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ ഉയർത്തിയേക്കും . ജിഎസ്‌ടി വരുമാനം പ്രതീക്ഷിച്ചതിലും കുറഞ്ഞ സാഹചര്യത്തിൽ ധനമന്ത്രി നിർമ്മല സീതാരാമന്‍റെ നേതൃത്വത്തിലുള്ള ജിഎസ്‌ടി കൗൺസിൽ ഡിസംബർ 18 ന് യോഗം ചേരും. വരുമാനം കുറഞ്ഞത് മൂലം സംസ്ഥാനങ്ങൾക്കുള്ള ധനസഹായം നൽകിയിട്ടില്ല. 5, 12, 18, 28 ശതമാനം എന്നിങ്ങനെയാണ് നിലവിലെ ജിഎസ്‌ടി സ്ലാബുകൾ. ചില ഉൽപ്പന്നങ്ങളുടെ സെസ് ഉയർത്തുന്നതിനെക്കുറിച്ചും ജിഎസ്‌ടി കൗൺസിൽ യോഗം ചർച്ചചെയ്യാന്‍ സാധ്യതയുണ്ട്. സ്ലാബുകളുടെ എണ്ണം മൂന്നായി കുറക്കുക, സ്ലാബുകൾ ലയിപ്പിക്കാനുള്ള സാധ്യത എന്നിവ കൗൺസിൽ പരിശോധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സർക്കാർ കണക്കുകൾ പ്രകാരം കേന്ദ്ര ജിഎസ്‌ടി വരുമാനം 2019-20 ഏപ്രിൽ-നവംബർ കാലയളവിൽ ബജറ്റ് എസ്‌റ്റിമേറ്റിനിക്കോൾ 40 ശതമാനം കുറഞ്ഞു. ഏപ്രിൽ-നവംബർ കാലയളവിൽ യഥാർത്ഥ സിജിഎസ്‌ടി ശേഖരം 3,28,365 കോടി രൂപയാണ്. ഈ കാലയളവിൽ ബജറ്റ് എസ്‌റ്റിമേറ്റ് 5,26,000 കോടി രൂപയായിരുന്നു. 2018-19 ൽ സിജിഎസ്‌ടി വരുമാനം 4,57,534 കോടി രൂപയായിരുന്നു. എന്നാൽ ബജറ്റ് എസ്‌റ്റിമേറ്റ് 6,03,900 കോടി രൂപയായിരുന്നു. 2017-18 ൽ 2,03,261 കോടി രൂപയായിരുന്നു സിജിഎസ്‌ടി വരുമാനം.