ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥ മാന്ദ്യം നേരിടുന്നതിനാൽ സമ്പന്നരുടെ വ്യക്തിഗത ആദായനികുതി നിരക്ക് സർക്കാർ കുറക്കാൻ സാധ്യതയില്ലെന്ന് സൂചന. ഡിമാൻഡ് വർധിപ്പിക്കുന്നതിനായി വ്യക്തിഗത ആദായനികുതി നിരക്ക് കുറക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ കോർപ്പറേറ്റ് നികുതി നിരക്ക് കുറച്ചതു മൂലം നികുതി വരുമാനത്തിൽ ഗണ്യമായ കുറവ് സർക്കാർ നേരിടുന്നതിനാൽ നികുതി നിരക്കിൽ കുറവുണ്ടാകില്ലെന്ന് സൂചന.
കഴിഞ്ഞ മാസം ധനമന്ത്രാലയം കോർപ്പറേറ്റ് നികുതി നിരക്ക് 10 ശതമാനം കുറച്ചിരുന്നു. കഴിഞ്ഞ മാസം കോർപ്പറേറ്റ് നികുതി വെട്ടിക്കുറവ് മൂലം 1.45 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. 28 വർഷത്തിനിടയിലെ കോർപ്പറേറ്റ് നികുതി നിരക്കിലെ ഏറ്റവും വലിയ കുറവ് ആണിത്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രത്യക്ഷ നികുതിയിനത്തിൽ ലക്ഷ്യം വെച്ച തുക സർക്കാരിനു സമാഹരിക്കാനാകാത്തതിനാൽ ഈ സാമ്പത്തിക വർഷത്തിൽ 13.80 ലക്ഷം കോടി രൂപയുടെ ഉയർന്ന വരുമാന സമാഹരണമാണ് സർക്കാർ ലക്ഷ്യം .
സാമൂഹ്യ സുരക്ഷാ പദ്ധതികളായ ആയുഷ്മാൻ ഭാരത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംഎൻആർജിഎ), പിഎം-കിസാൻ, പ്രധാനമന്ത്രി ആവാസ് യോജന എന്നിവക്കായി ചെലവഴിക്കാൻ സർക്കാരിന് ഉയർന്ന വരുമാനം ആവശ്യമാണ്.
നികുതിദായകർക്ക് സർക്കാർ ഇതിനകം തന്നെ നിരവധി ഇളവുകൾ നൽകിയിട്ടുണ്ട്, അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവരെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സർക്കാർ ക്രമേണ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ചെലവ് കൂട്ടി താഴ്ന്ന വരുമാനക്കാർക്ക് നികുതി ഭാരം കുറക്കാൻ സാധ്യതയുള്ളതായി വിദഗ്ദർ പറയുന്നു.
അതിസമ്പന്നരിൽ നിന്ന് കൂടുതൽ നികുതി പിരിക്കുന്നതിനായി, 2019-20 ബജറ്റിൽ സർക്കാർ രണ്ട് കോടിയിലധികം വരുമാനമുള്ള വ്യക്തികൾക്കുള്ള സർചാർജ് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 2 കോടി മുതൽ 5 കോടി രൂപ വരെ വരുമാനമുള്ളവർക്ക് നികുതി നിരക്ക് 39 ശതമാനവും, വാർഷിക വരുമാനം 5 കോടി രൂപയിൽ കൂടുതലുള്ളവർക്ക്, നിരക്ക് 42.74 ശതമാനവുമാണ്.
എന്നാൽ പ്രത്യക്ഷ നികുതി കോഡ് പാനൽ പോലും വ്യക്തിഗത ആദായനികുതിയിൽ മിതത്വം പാലിക്കുക, നടപടിക്രമങ്ങൾ ലഘൂകരിക്കുക, പ്രത്യക്ഷ നികുതിയിൽ നിന്ന് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയെ അനുകൂലിച്ചു. ഇന്ത്യയുടെ മൊത്തം നികുതി വരുമാനത്തിൽ പ്രത്യക്ഷ നികുതി വിഹിതം 2009-10ൽ 61 ശതമാനമായി ഉയർന്നു, എന്നാൽ കഴിഞ്ഞ വർഷം ഇത് 55 ശതമാനമാണ്.
നാമമാത്ര ജിഡിപിയുടെ 11 ശതമാനം വരുന്ന നികുതി വരുമാനത്തിൽ പ്രത്യക്ഷനികുതിയുടെ വിഹിതം കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളിൽ ജിഡിപിയുടെ 5.5-6 ശതമാനം വർധിച്ചു. വ്യക്തിഗത ആദായനികുതി പിരിവ് കഴിഞ്ഞ വർഷം 4.7 ലക്ഷം കോടിയും ജിഡിപിയുടെ 2.5 ശതമാനവുമായിരുന്നു. 2018-19 ലെ 10 ശതമാനം ആയിരുന്ന വ്യക്തിഗത വരുമാനനികുതി ലക്ഷ്യം ഈ വർഷം 23 ശതമാനമാണ്.