ന്യൂഡൽഹി: നികുതി വരുമാനം ഉൽപാദനപരമായി ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ ചെലവുകളിൽ വലിയ തോതിലുള്ള പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു. ബജറ്റിൽ ചെലവാക്കുന്ന തുകയായ 27.86 ലക്ഷം കോടി രൂപയിൽ വലിയൊരു പങ്ക് പലിശയിനത്തിലും, സർക്കാർ സ്ഥാപനങ്ങളുടെ ചെലവുകൾക്കുമായി വിനിയോഗിക്കുകയാണെന്നും ഗാർഗ് ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ ചെലവാക്കുന്ന പദ്ധതികളിൽ ഏതൊക്കെ റദ്ദാക്കണം, ഏതൊക്കെ പരിഷ്‌കരിക്കണം എന്ന വിശകലനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഗാർഗ് ഒരു ബ്ലോഗ് പോസ്‌റ്റിൽ പറഞ്ഞു. സർക്കാർ ചെലവുകളുടെ ഉൽപാദനക്ഷമത പൊതുവേ സ്വകാര്യ ചെലവുകളേക്കാൾ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. 2019-20 ൽ സർക്കാർ 5.46 ലക്ഷം കോടി രൂപ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കായും 6.60 ലക്ഷം കോടി രൂപ പലിശയിനത്തിലും ചെലവഴിച്ചു .ശമ്പളം, മറ്റ് അലവൻസുകൾ, പെൻഷനുകൾ, യാത്രാ അലവൻസുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾ എന്നിവ ഉൾപ്പെടുന്നതാണ് സ്ഥാപന ചെലവ്.