മുംബൈ: ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 1.832 ബില്യൺ ഡോളർ ഉയർന്ന് 442.583 ബില്യൺ ഡോളറിലെത്തി. വിദേശ നാണ്യ കരുതൽ ശേഖരത്തിലെ പ്രധാന ഘടകങ്ങളായ വിദേശ കറൻസി ആസ്തിയിലും സ്വർണ നിക്ഷേപത്തിലും വർധനവുണ്ടായതായി റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ ഇരുപത്തിയഞ്ചിന് അവസാനിച്ച ആഴ്‌ചയിലെ കണക്കുകള്‍ പ്രകാരമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
മുന്‍ ആഴ്‌ചയില്‍ വിദേശ നാണ്യ കരുതൽ ശേഖരം 1.04 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 440.751 ബില്യൺ ഡോളറിലെത്തിയിരുന്നു. വിദേശ കറൻസി ആസ്തി 1.642 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 410.453 ബില്യൺ ഡോളറായി. സ്വർണ്ണ നിക്ഷേപ മൂല്യം 191 മില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 27.052 ബില്യൺ ഡോളറായി. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള പ്രത്യേക ഡ്രോയിങ് അവകാശം (എസ്‌ഡിആർ) ഒരു മില്യൺ യുഎസ് ഡോളർ ഉയർന്ന് 1.441 ബില്യൺ ഡോളറായി.