ന്യൂഡല്‍ഹി; സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരാൻ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങളെ വിമർശിച്ച് കോൺഗ്രസ്. രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് നിർമല സീതാരാമന് യാതൊരു ധാരണയുമില്ലെങ്കിലും ചില മുഖം മിനുക്കല്‍ മാത്രമാണ് ഇപ്പോൾ നടത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു.
സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ തീവ്രത എത്രത്തോളമാണെന്നും അത് എങ്ങനെ മറികടക്കുമെന്നും മന്ത്രി അറിയില്ലെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ്മ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു. നേരത്തെ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ച ശേഷവും സാമ്പത്തിക രംഗം മോശമാകുകയാണ്. ഇന്ന് പ്രഖ്യാപിച്ച പദ്ധതികളും ഗുണം ചെയ്യില്ലെന്ന് ആനന്ദ് ശർമ്മ ആരോപിച്ചു.
ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ കുറിച്ച് ധനമന്ത്രിക്ക് സൂഷ്മമായ ധാരണ ഇല്ല. സാമ്പത്തിക പുനരുജ്ജീവനത്തിന് സമഗ്രമായ പാക്കേജ് ആണ് വേണ്ടത്. എന്നാല്‍ ഇന്നത്തെ പ്രഖ്യാപനങ്ങൾ വെറും മുഖം മിനുക്കല്‍ മാത്രമാണ്. മോദി സർക്കാരിന്‍റെ ധാർഷ്ട്യവും സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കാതെയുള്ള അലസതയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ആനന്ദ് ശർമ്മ ആരോപിച്ചു.