ന്യൂഡല്‍ഹി: ജൂലൈ മാസത്തില്‍ രാജ്യത്തിന്‍റെ കയറ്റുമതിയില്‍ 2.25 ശതമാനം ഉയര്‍ന്ന് 26.33 ബില്യണ്‍ ഡോളര്‍ നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. അതേ സമയം ഇറക്കുമതിയില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 10.43 ശതമാനത്തിന്‍റെ കുറവാണ് ഇറക്കുമതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇറക്കുമതി 39.76 ബില്യൺ ഡോളറിലെത്തി.
ജൂലൈ മാസത്തില്‍ രാജ്യത്തിന്‍റെ വ്യാപാരക്കമ്മി കുറഞ്ഞ് 13.43 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 18.63 ബില്യണ്‍ ആയിരുന്നു. കെമിക്കൽ, ഇരുമ്പ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയാണ് കഴിഞ്ഞ മാസത്തെ കയറ്റുമതി മേഖലയിൽ മികച്ച വളർച്ച രേഖപ്പെടുത്തിയത്. ആഭരണങ്ങള്‍, എഞ്ചിനീയറിംഗ് വസ്‌തുക്കൾ, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം എണ്ണ ഇറക്കുമതിയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് 22.15 ശതമാനമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണ ഇതര ഉല്‍പന്നങ്ങളുടെ ഇറക്കുമതിയിലും 5.92 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.