ന്യൂഡൽഹി: കഴിഞ്ഞ ആറുമാസത്തോളമായി നരേന്ദ്ര മോദി സർക്കാർ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തെന്ന് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. ഇന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും തകർന്നെന്നും ഏകദേശം 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായമ നിരക്കിലെത്തിയെന്നും ഭാരത് ബച്ചാവോ റാലിക്കിടയിൽ ചിദംബരം പറഞ്ഞു.
ഭക്ഷ്യവിലക്കയറ്റം 10 ശതമാനത്തിലെത്തിയതും, കയറ്റുമതി കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയ ചിദംബരം, സമ്പദ്‌വ്യവസ്ഥ എല്ലാ ദിവസവും മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും, ഓരോ ദിവസവും ഒരു പരിധി വരെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
കേന്ദ്രമന്ത്രിമാർ പൂർണമായും ധാരണയില്ലാത്തവരാണെന്ന് നിർമല സീതാരാമനെ വിമർശിച്ചുകൊണ്ട് ചിദംബരം പറഞ്ഞു. രാംലീല മൈതാനത്ത് നടക്കുന്ന ഭാരത് ബച്ചാവോ റാലിയിൽ കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി എന്നിവരും പങ്കെടുക്കുന്നുണ്ട്.