ഇടുക്കി: ജില്ലയില്‍ ജീപ്പ് ഓടിച്ച് ഉപജീവനം കണ്ടെത്തുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം. ടാക്‌സ് ഇളവുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഹൈറേഞ്ചിലെ ജനങ്ങള്‍ പ്രധാനമായും യാത്രയ്ക്കായും ചരക്ക് നീക്കത്തിനായും ആശ്രയിക്കുന്നത് ജീപ്പുകളെയാണ്.ഇപ്പോഴും സമാന്തര സര്‍വ്വീസുകളെ മാത്രം ഗതാഗത്തിനായി ആശ്രയിക്കുന്ന നിരവധി കുടിയേറ്റ ഗ്രാമങ്ങള്‍ ഇടുക്കിയിലുണ്ട്. മലമുകളിലേയ്ക്ക് സാധങ്ങള്‍ എത്തിയ്ക്കുന്നതിന് മറ്റ് വാഹനങ്ങളൊന്നും പര്യാപ്തമല്ല.ടൂറിസം, തോട്ടം മേഖലകളെയും ഹൈറേഞ്ചിലെ സര്‍വ്വീസിനെയും ആശ്രയിച്ച് ആയിരകണക്കിന് ജീപ്പ് ഡ്രൈവര്‍മാരാണ് ഇടുക്കിയില്‍ ഉപജീവനം കണ്ടെത്തുന്നത്.
ടൂറിസം മേഖലയില്‍ സഫാരിയ്ക്കായും തോട്ടങ്ങളിലേയ്ക്ക് തൊഴിലാളികളെ എത്തിയ്ക്കുന്നതിനും ജീപ്പുകള്‍ ഉപയോഗിച്ചിരുന്നു. 2018ലെ പ്രളയകാലത്ത് ടൂറിസം മേഖലയിലുണ്ടായ മാന്ദ്യം മുതല്‍ ജീപ്പ് ഡ്രൈവര്‍മാര്‍ ദുരിതത്തിലാണ്.
Also Read:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി, നാല് ജില്ലകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍
കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ദൈനംദിന കുടുംബചെലവുകള്‍ക്കായ തുക കണ്ടെത്താനാവാത്ത അവസ്ഥയിലാണിവര്‍. ബാങ്ക് വായ്പ തരപ്പെടുത്തിയാണ് പല ഡ്രൈവര്‍മാരും ജീപ്പ് സ്വന്തമാക്കുന്നത്. വണ്ടിയുടെ അടവ്, ഇന്ധന ചെലവ്, ടാക്‌സ് എന്നിവയൊന്നും താങ്ങാനാവാത്ത സ്ഥിതിയിലാണിവര്‍. നിലവിലെ സാഹചര്യത്തില്‍ ടാക്‌സിനും ഇന്‍ഷുറന്‍സിനും അടക്കം ഇളവ് വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.