വാഷിംഗ്ടണ്‍: അന്താരാഷ്ട്ര സുരക്ഷക്ക് ഭീഷണിയെന്ന് കാണിച്ച് അഞ്ച് ചൈനീസ് ബ്രാന്‍റുകളെകൂടി അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷിങ്പിങുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അമേരിക്കയുടെ പുതിയ നടപടി.
പ്രമുഖ ചൈനീസ് സൂപ്പർ കമ്പ്യൂട്ടർ നിർമ്മാതാക്കളായ സുഗോണിനെയും മൂന്ന് മൈക്രോചിപ്പ് അനുബന്ധ സ്ഥാപനങ്ങളെയും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പ്യൂട്ടിംഗ് സ്ഥാപനത്തെയും ആണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ ചാരപ്രവര്‍ത്തിക്കായി കമ്പനികള്‍ ടെക്നോളജി ഉപയോഗിക്കുന്നു എന്നാണ് യുഎസിന്‍റെ പക്ഷം. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാരം യുദ്ധം വീണ്ടും ശക്തിയാര്‍ജിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
നേരത്തെ ചൈനീസ് സ്മോര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവേക്കെതിരെയും സമാനമായ നടപടി അമേരിക്ക സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആന്‍ഡ്രോയിഡ്, പ്ലേസ്റ്റോര്‍, മെമ്മറി കാര്‍ഡ് അസോസിയേഷന്‍ എന്നിവയുടെ വിലക്കും കമ്പനിക്ക് നേരിടേണ്ടി വന്നിരുന്നു.