ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ 2019-20 സാമ്പത്തിക വർഷത്തിൽ 3 ലക്ഷം കോടി രൂപ അവശ്യ മേഖലകളിൽ ചെലവഴിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. ദരിദ്രർക്കും കൃഷിക്കാർക്കും ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ സബ്‌സിഡി രൂപത്തിൽ നൽകുന്ന ഈ സഹായം കേന്ദ്രസർക്കാരിന്‍റെ മൊത്തം ബജറ്റ് ചെലവിന്‍റെ 10 ശതമാനത്തിലധികം വരും. ഈ സാമ്പത്തിക വർഷം ഇത് 28 ലക്ഷം കോടി രൂപയാണ്.
കഴിഞ്ഞ വർഷം ധനമന്ത്രി നിർമ്മല സീതാരാമൻ 1.84 ലക്ഷം കോടി രൂപ ഭക്ഷ്യ സബ്‌സിഡിക്ക് അനുവദിച്ചിരുന്നു. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കുറഞ്ഞ താങ്ങുവില (എംഎസ്‌പി) വർധിപ്പിച്ചതിനാല്‍ ഈ വർഷത്തെ ബജറ്റിൽ ഈ തുക ഗണ്യമായി ഉയരുമെന്ന് വിദഗ്ദ്ധർ കരുതുന്നു.
2017-18ൽ മൂന്ന് പ്രധാന സബ്‌സിഡി തലങ്ങളായ ഭക്ഷണം, ഇന്ധനം, വളം എന്നിവക്കുള്ള കേന്ദ്ര സബ്‌സിഡി ബിൽ വെറും 1.91 ലക്ഷം കോടി രൂപയായിരുന്നു. ഇത് ഏകദേശം 40% ഉയർന്ന് 2018-19ൽ 2.66 ലക്ഷം കോടി രൂപയായി . ഇന്ധന, വളം എന്നിവയുടെ സബ്‌സിഡികളിൽ നേരിയ വർധനയുണ്ടായിട്ടുണ്ടെങ്കിലും ഭക്ഷ്യ സബ്‌സിഡിയാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടിയിൽ നിന്ന് 1.71 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഇന്ത്യയിലെ ദാരിദ്ര നിർമാർജനത്തിനായി സബ്‌സിഡി ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് സംഭരണച്ചെലവ് കൂടിയത് മൂലമാണ് ഭക്ഷ്യ സബ്‌സിഡി ബില്ലിൽ ഒരു വർഷത്തിനുള്ളിൽ 70 ശതമാനം വർധനവുണ്ടായതെന്ന് കാർഷിക മേഖല വിദഗ്‌ദർ പറയുന്നു.
2019 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാർഷിക സമൂഹങ്ങൾക്കിടയിൽ തന്‍റെ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ പ്രധാനമന്ത്രി മോദി 2018 ജൂണിൽ പ്രധാന ഭക്ഷ്യധാന്യങ്ങളുടെ കുറഞ്ഞ താങ്ങുവില(എംഎസ്‌പി) ഉൽപാദന ചെലവിന്‍റെ 150 ശതമാനമായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കേന്ദ്ര സർക്കാർ വീണ്ടും ശീതകാല വിളകളായ (റാബി സീസൺ) ഗോതമ്പ്, ബാർലി, ഗ്രാം, പയർവർഗങ്ങൾ എന്നീ പ്രധാന ഭക്ഷ്യധാന്യങ്ങളുടെ കുറഞ്ഞ താങ്ങുവില ഉയർത്തി. 2019 ഒക്ടോബറിൽ ഗോതമ്പിന്‍റെ കുറഞ്ഞ താങ്ങു വില ക്വിന്‍റലിന് 1,840 രൂപയിൽ നിന്ന് 1,925 രൂപയായി ഉയർത്തി.
ന്യായ വിലക്കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾക്ക് സബ്‌സിഡി നിലനിൽക്കേ പ്രധാന ഭക്ഷ്യധാന്യങ്ങളുടെ താങ്ങു വില വർധിപ്പിക്കുന്ന സർക്കാർ നയം ഈ വർഷം ഭക്ഷ്യ സബ്‌സിഡി ബില്ലിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്ന് കാർഷിക മേഖലയിലെ വിദഗ്‌ദർ കരുതുന്നു. വിഹിതത്തിൽ വരുത്തുന്ന ഏത് മാറ്റവും രാജ്യത്തെ ബഹുഭൂരിപക്ഷം ദരിദ്രരേയും നേരിട്ട് ബാധിക്കുന്നതിനാൽ കേന്ദ്ര സർക്കാരിന്‍റെ സബ്‌സിഡി ബിൽ പലപ്പോഴും ഒരു ചർച്ചാവിഷയമാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വ്യാപ്‌തി വിപുലീകരിക്കാൻ അശോക് വിശാൻദാസിനെപ്പോലുള്ള വിദഗ്‌ദർ സർക്കാരിനെ ഉപദേശിക്കുന്നു. രാജ്യത്തെ ദരിദ്രർക്ക് സാമ്പത്തിക സഹായം നൽകുന്നതിനേക്കാൾ ദാരിദ്ര്യത്തെ നേരിടാൻ സർക്കാർ തൊഴിലവസരങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും അശോക് വിശാൻദാസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ധനമന്ത്രി നിർമ്മല സീതാരാമൻ 59,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്കായി അനുവദിച്ചു. ഈ പദ്ധതി ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ ജോലി ഒരു ഗ്രാമീണ കുടുംബത്തിന് ഉറപ്പുനൽകുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി താരതമ്യപ്പെടുത്തുമ്പോൾ,ഭക്ഷ്യ സബ്‌സിഡിക്കായി മൂന്ന് മടങ്ങിൽ കൂടുതൽ പണം (1.84 ലക്ഷം കോടി രൂപ) അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യ സബ്‌സിഡി ബിൽ വെട്ടിക്കുറക്കാൻ രാഷ്ട്രീയ സമ്മർദം അനുവദിക്കാത്തതിനാൽ ഈ സാഹചര്യത്തിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാൻ ഒരു സർക്കാരിനും സാധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്‌ദർ പറയുന്നത്.നല്ല സാമ്പത്തിക ശാസ്ത്രം എല്ലായ്പ്പോഴും നല്ല രാഷ്ട്രീയമല്ലെന്നും അശോക് വിശാൻദാസ് പറഞ്ഞു.