മനില: ഏഷ്യ പസഫിക്ക് മേഖലയിൽ സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകളും ക്രിയാത്മക നയങ്ങളും വഴി പോഷകവും സുരക്ഷിതവും താങ്ങാവുന്നതുമായ ഭക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഗ്രാമവികസന ഭക്ഷ്യ സുരക്ഷാ ഫോറം (ആർഡിഎഫ്‌എസ്).
ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്കും(എ.ഡി.ബി), ഇന്‍റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (ഐ.എഫ്.പി.ആർ.ഐ) ഇന്‍റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് “ഗ്രാമീണ അഭിവൃദ്ധിക്കും പോഷകാഹാരത്തിനുമുള്ള പരിവർത്തനപരമായ മാറ്റങ്ങൾ” എന്ന വിഷയത്തിൽ ഫോറം സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ ഫോറത്തിന്‍റെ ഉദ്ഘാടന സെഷനിൽ എ.ഡി.ബിയുടെ വികസ്വര അംഗരാജ്യങ്ങളിലെ പ്രതിനിധികൾ, ബഹുരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ, അക്കാദമിക മേഖലയിൽ നിന്നുള്ളവർ, കർഷകർ എന്നിങ്ങനെ 400ലധികം പേർ പങ്കെടുത്തു .
ഗ്രാമവികസനത്തിന് മുൻഗണന നൽകാനും ആവശ്യമായതും സുസ്ഥിരവുമായ ഭക്ഷ്യോത്പാദനം ഉറപ്പാക്കുന്നതിന് ഫലപ്രദമായ ഭൂമി, ജലവിഭവ മാനേജ്മെന്‍റ് പ്രോത്സാഹിപ്പിക്കാനും എഡിബി അംഗരാജ്യങ്ങളോടുള്ള ആഹ്വാനം ചെയ്തു.
കാർഷിക ഉൽപാദനക്ഷമതയും ലാഭവും വർധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാലാവസ്ഥാ മുന്നറിയിപ്പു നൽകുന്നതിനും സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനും വികസ്വര അംഗരാജ്യങ്ങളെ എഡിബി സഹായിക്കുമെന്ന് എഡിബി പ്രസിഡന്‍റ് ടേക്കിക്കോ നകാവോ ഫോറത്തിൽ അഭിപ്രായപ്പെട്ടു. പോഷകപ്രദവും സുരക്ഷിതവും താങ്ങാനാവുന്നതുമായ ഭക്ഷണം നൽകാൻ അംഗരാജ്യങ്ങളെ പിന്തുണക്കാൻ എഡിബി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഡി.ബി യുടെ പുതിയ കോർപ്പറേറ്റ് സ്ട്രാറ്റർജി 2030 പ്രകാരം, ഏഴ് മുൻഗണനകളിലൊന്നാണ് ഗ്രാമവികസനവും ഭക്ഷ്യസുരക്ഷയും പ്രോത്സാഹിപ്പിക്കുകയെന്നത് .
ദാരിദ്ര്യ നിർമാർജനത്തിനുള്ള ശ്രമങ്ങൾ തുടരുമ്പോഴും ഏഷ്യ പസഫിക്ക് മേഖലയെ സമന്വയിപ്പിക്കുന്നതിനും സുസ്ഥിരത കൈവരിക്കുന്നതിനും ശ്രമിക്കുമെന്ന് എ.ഡി.ബി വൃത്തങ്ങൾ പറഞ്ഞു. 2018 ൽ 21.6 ബില്യൺ ഡോളർ പുതിയ വായ്പകളും ഗ്രാന്‍റുകളും ഇത്തരം പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചതായും എ.ഡി.ബി പറഞ്ഞു.