ന്യൂഡല്‍ഹി: പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ സ്പൈസ് ജെറ്റിന്‍റെ പുതിയ ആഭ്യന്തര സര്‍വ്വീസുകള്‍ ഒക്ടോബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പന്ത്രണ്ട് സര്‍വ്വീസുകളാണ് കമ്പനി പുതിയതായി ആരംഭിക്കുന്നത്. എയർലൈൻ ബോയിംഗ് 737-800 വിമാനങ്ങളായിരിക്കും സര്‍വ്വീസിനായി വിന്യസിക്കുക.
ഒക്ടോബര്‍ എട്ടിനാണ് ആദ്യ സര്‍വ്വീസ് ആരംഭിക്കുക. ഡല്‍ഹിയില്‍ നിന്ന് ഔറംഗബാദിലേക്കായിരിക്കും പുതിയ സര്‍വ്വീസ്. പിന്നീട് ഡല്‍ഹി-കൊല്‍ക്കത്ത, ഡല്‍ഹി-ബംഗളൂരു സര്‍വ്വീസുകളും പ്രാബല്യത്തില്‍ വരും. മറ്റ് സര്‍വ്വീസുകളുടെ വിശദവിവരം പിന്നീട് പുറത്തുവിടും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജെറ്റ് എയര്‍വേയ്‌സിന്‍റെ തകര്‍ച്ചക്ക് ശേഷം 142 പുതിയ സര്‍വ്വീസുകളാണ് സ്പൈസ് ജെറ്റ് ആരംഭിച്ചത്. ഇതില്‍ 78 സര്‍വ്വീസുകള്‍ മുംബൈയെ ബന്ധിപ്പിച്ചും 30 സര്‍വ്വീസുകള്‍ ഡല്‍ഹിയെ ബന്ധിപ്പിച്ചും ഉള്ളതാണ്. 12 സര്‍വ്വീസുകള്‍ മുംബൈ-ഡല്‍ഹി സര്‍വ്വീസുകളാണ്. നിലവില്‍ ദിവസേന 62 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ശരാശരി 550 സര്‍വ്വീസുകളാണ് സ്പൈസ് ജെറ്റ് നടത്തുന്നത്. ഇതില്‍ 52 ആഭ്യന്തര സര്‍വ്വീസുകളും 10 അന്താരാഷ്ട്ര സര്‍വ്വീസുകളും ഉള്‍പ്പെടുന്നു.