മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ഗ്രൂപ്പിന്‍റെ പദ്ധതികൾക്ക് തുടക്കമായി. യുഎസിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ്ജ സംഭരണ കമ്പനിയായ ആംബ്രി ഇൻകോയിൽ 1072 കോടി രൂപയുടെ (144 മില്യൺ ഡോളർ) നിക്ഷേപമാണ് റിലയൻസ് നടത്തുക.
Also Read: ഫ്യൂച്ചർ-റിലയൻസ് ഇടപാട് : മുകേഷ് അംബാനിക്ക് തിരിച്ചടി
പോൾസൺ & കമ്പനി, ബിൽ ഗേറ്റ്സ് തുടങ്ങിയ കമ്പനികളും ആംബ്രി ഇൻകോയിൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആംബ്രി ഇൻകോയുടെ 42.3 ദശലക്ഷം ഓഹരികൾ സ്വന്തമാക്കാൻ 50 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപവും റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് നടത്തും. നാലു മുതൽ 24 മണിക്കൂർവരെ ഊർജ ഉപയോഗശേഷിയുള്ള ലിഥിയം അയൺ ബാറ്ററികളാണ് ആംബ്രി വികസിപ്പിക്കുന്നത്.
ചെലവുകുറഞ്ഞതും ദീർഘ കാലം നിലനിൽക്കുന്നതുമാണ് ഇത്തരം ബാറ്ററികൾ. ഇന്ത്യയിൽ ബാറ്ററി നിർമാണം ആരംഭിക്കുന്നതിന് ആംബ്രിയുമായി റിലയൻസ് ചർച്ച നടത്തുകയാണ്. റിലയൻസ് പുതുതായി പ്രഖ്യാപിച്ച ഹരിത ഊർജ്ജ പദ്ധതികൾക്ക് ആംബ്രിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
അടുത്ത മൂന്ന് കൊല്ലം കൊണ്ട് 75,000 കോടി രൂപയുടെ നിക്ഷേപം ആണ് ഹരിത ഊർജ മേഖലയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്. അതിന്‍റെ ഭാഗമായി ജാംനഗറിൽ 5000 ഏക്കറിൽ ധീരുബായ് അംബാനി ഗ്രീൻ എനര്‍ജി കോംപ്ലക്‌സ് സ്ഥാപിക്കും.
മൂന്ന് ജിഗാ ഫാക്ടറികളാകും കോംപ്ലക്‌സിൽ ഉണ്ടാവുക. സോളാർ എനർജിയിലെ നിക്ഷേപങ്ങളുടെ ഭാഗമായി ഇന്‍റഗ്രേറ്റഡ് ഫോട്ടോവോൾട്ടിക് മൊഡ്യൂൾ ഫാക്ടറി, എനർജി സ്റ്റോറേജ് ബാറ്ററി ഫാക്ടറി, ഗ്രീൻ ഹൈഡ്രജൻ ഫാക്ടറി എന്നിവയാണ് സ്ഥാപിക്കുക.